ഫൈനലില്‍ ഇവരെ കൊണ്ട് ബൗളിങ് തുടങ്ങൂ; സര്‍പ്രൈസ് താരങ്ങളെ നിര്‍ദേശിച്ച് ശ്രീകാന്ത്
Cricket
ഫൈനലില്‍ ഇവരെ കൊണ്ട് ബൗളിങ് തുടങ്ങൂ; സര്‍പ്രൈസ് താരങ്ങളെ നിര്‍ദേശിച്ച് ശ്രീകാന്ത്
ഫസീഹ പി.സി.
Sunday, 8th March 2026, 9:09 am

2026 ടി – 20 ലോകകപ്പ് ഫൈനലില്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം ഒരു സ്പിന്നറെ ഉപയോഗിച്ച് ഇന്ത്യ ബൗളിങ് ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ക്രിസ് ശ്രീകാന്ത്. ന്യൂസിലാന്‍ഡ് ഫിന്‍ അലനെയും ടിം സിഫെര്‍ട്ടിനെയുമാണ് കൂടുതല്‍ ആശ്രയിക്കുന്നതെന്നും അവരെ തടയാന്‍ അക്സര്‍ പട്ടേലിനെയോ വരുണ്‍ ചക്രവര്‍ത്തിയെയോ തുടക്കത്തില്‍ തന്നെ ബൗള്‍ ചെയ്യിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പവര്‍പ്ലേയില്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം താന്‍ അക്സര്‍ പട്ടേലിനാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: KrisSrikanth/x.com

‘ന്യൂസിലാന്‍ഡ് ഫിന്‍ അലനെയും ടിം സിഫെര്‍ട്ടിനെയുമാണ് കൂടുതല്‍ ആശ്രയിക്കുന്നത്. അവരെ തടയാന്‍ ഇന്ത്യ പവര്‍പ്ലേയില്‍ ഒരു സ്പിന്നറെ ഉപയോഗിക്കണം. ഇന്ത്യയ്ക്കെതിരെ മറ്റ് ടീമുകള്‍ ഓഫ് സ്പിന്നര്‍മാരെ ഉപയോഗിക്കുന്നത് പോലെ അക്സര്‍ പട്ടേലിനെയോ വരുണ്‍ ചക്രവര്‍ത്തിയെയോ ടീം ധൈര്യത്തോടെ പരീക്ഷിക്കണം.

ഫിന്‍ അലനും സിഫെര്‍ട്ടും സ്പിന്നിനെതിരെ വലിയ ഷോട്ടുകള്‍ക്ക് മുതിര്‍ന്നേക്കാം. അത് വിക്കറ്റ് വീഴ്ത്താന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു. അതിനാല്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം ഒരു സ്പിന്നര്‍ ബൗള്‍ ചെയ്യട്ടെ. ന്യൂബോളില്‍ അക്സര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അതിനാല്‍ അവനാണ് ഞാന്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുക.

ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് വരുണിനെ ചിലപ്പോള്‍ ഇന്ത്യ പവര്‍പ്ലേക്ക് ശേഷം മാത്രമേ ഉപയോഗിക്കൂ. പക്ഷേ, അക്‌സറിനെ പരീക്ഷിക്കാം. അവനും അര്‍ഷ്ദീപും ഒന്നിച്ച് ബൗള്‍ ചെയ്താല്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍മാര്‍ ഒന്നുകില്‍ ബൗള്‍ഡായോ വലിയ ഷോട്ടിന് ശ്രമിച്ചോ പുറത്താകും,’ ശ്രീകാന്ത് പറഞ്ഞു.

അക്‌സർ പട്ടേൽ. Photo: Johns/x.com

ഇന്നാണ് (മാര്‍ച്ച് 8) ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ അരങ്ങേറുക. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കലാശപ്പോരിന് യോഗ്യത നേടിയ ഇന്ത്യ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

മറുവശത്ത് സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ഫൈനലില്‍ എത്തുന്ന കിവീസിന്റെ ലക്ഷ്യം കന്നി കിരീടമാണ്. അതിനാല്‍ തന്നെ മികച്ചൊരു പോരാട്ടത്തിനാവും ആരാധകര്‍ സാക്ഷിയാവുക.

Content Highlight: Kris Srikanth Suggest that India should open bowling with a spinner along with Arshdeep Singh in T20 World Cup 2026 final against New Zealand

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി