ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ സുവര്‍ണകാലം അവസാനിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ബാറ്റര്‍മാര്‍ റാഷിദിനെ അനായാസം നേരിടാന്‍ പഠിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ് ശ്രീകാന്ത്. Photo: Akash/x.com

താരത്തിന്റെ തന്ത്രങ്ങള്‍ എല്ലാവരും മനസിലാക്കിയെന്നും അതിനാല്‍ ബാറ്റര്‍മാര്‍ ആക്രമിച്ച് കളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു

‘റാഷിദ് ഖാന്റെ സുവര്‍ണകാലം അവസാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. ബാറ്റര്‍മാര്‍ ഇപ്പോള്‍ അവനെ അനായാസം നേരിടുന്നു. അവന്റെ പന്തുകളും തന്ത്രങ്ങളും അവര്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ട്.

ബാറ്റര്‍മാര്‍ റാഷിദിന്റെ പന്തില്‍ ഒന്നുകില്‍ വിക്കറ്റ് നല്‍കാതെ പിടിച്ചുനില്‍ക്കുകയോ ആക്രമിച്ച് കളിക്കുകയോ ചെയ്യുന്നു. പക്ഷേ, അവന്‍ ഗുജറാത്തിന്റെ ഏക സ്റ്റാര്‍ സ്പിന്നറാണ്. അതിനാല്‍ ടീമിന് അവനെ കളിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല,’ ശ്രീകാന്ത് പറഞ്ഞു.

ഐ.പി.എല്ലില്‍ തന്റെ ബൗളിങ് മികവ് കൊണ്ട് സ്വന്തമായി ഒരു പേരുണ്ടാക്കിയ താരമാണ് റാഷിദ് ഖാന്‍. ടൂര്‍ണമെന്റില്‍ പത്ത് സീസണുകളില്‍ കളിച്ച അഫ്ഗാന്‍ സ്പിന്നര്‍ 158 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

റാഷിദ് ഖാൻ. Photo: GujaratTitans/x.com

എന്നാല്‍, കഴിഞ്ഞ രണ്ട് സീസണില്‍ റാഷിദിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഈ കാലയളവില്‍ 27 മത്സരങ്ങള്‍ കളിച്ച് താരം വീഴ്ത്തിയത് 19 വിക്കറ്റുകള്‍ മാത്രമാണ്. ഇത് മുന്‍നിര്‍ത്തിയാണ് ശ്രീകാന്തിന്റെ നിരീക്ഷണം.

ഇതിനൊപ്പം തന്നെ ഗുജറാത്തിന്റെ ബൗളിങ് നിരയെക്കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. ഗുജറാത്തിപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെ പോലെ ഇടത്തരം ടീമാണ്. റാഷിദ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍ എന്നിവരടങ്ങുന്ന സ്പിന്‍ ത്രയമാണ് അവരുടെ ബൗളിങ് കരുത്ത്.

സുന്ദറിനെയും കിഷോറിനെയും എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ തീരുമാനിക്കണം. പൊതുവെ സുന്ദര്‍ ഐ.പി.എല്ലില്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാവാറില്ല. എന്നാല്‍, ഗുജറാത്ത് അവനെ ഉള്‍പ്പെടുത്തണം. ഈ മൂന്ന് സ്പിന്നര്‍മാരും ഒരുമിച്ച് കളിച്ചാല്‍ മാത്രമേ അവരുടെ ബൗളിങ് യൂണിറ്റില്‍ വൈവിധ്യം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kris Srikanth believes Gujarat Titans’ Rashid Khan past his prime time