കോഴിക്കോട്: വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി കെ.ആര്‍. മീര.
ക്രൂരമായ ക്വട്ടേഷന്‍ റേപ്പ്, പലതരം ലൈംഗികാതിക്രമങ്ങള്‍, ക്രൂരമായ സ്ത്രീപീഡനങ്ങള്‍ എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ വെള്ള പൂശാന്‍ ‘ക്വട്ടേഷന്‍’ എടുത്തയാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ‘പുരുഷന്‍’ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായി അറിയുന്നുവെന്ന് കെ.ആര്‍. മീര പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യപൗരത്വത്തിന് വേണ്ടി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയാണു താനെന്നും കെ.ആര്‍. മീര പറഞ്ഞു.
കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റവലില്‍, മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളിലുള്ള ഋതുഭേദങ്ങളെക്കുറിച്ച് പുതിയ തലമുറയിലെ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ പറഞ്ഞ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് പ്രസ്തുത ലൈംഗികാതിക്രമ അനുകൂലി തനിക്കെതിരെ പരാതിപ്പെടുന്നതെന്നും കെ.ആര്‍. മീര പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67-ാം വകുപ്പ്, ഇലക്ടോണിക് മീഡിയ വഴി obscene materials പ്രചരിപ്പിക്കുന്നത് തടയാനുള്ളതാണ്. Obscene എന്ന വാക്കിന്റെ അര്‍ത്ഥം ‘ലൈംഗിക വികാരങ്ങള്‍ക്ക് പ്രേരകമായത്’ ( lascivious) എന്നാണെന്ന് സാധാരണനിഘണ്ടുവും നിയമനിഘണ്ടുവും വിശദീകരിക്കുന്നുവെന്നും കെ.ആര്‍. മീര ചൂണ്ടിക്കാട്ടി.
തന്റെ സംഭാഷണത്തിലെ ഏത് വാക്കാണ് പരാതിക്കാരന് ലൈംഗികതാപ്രേരകമായത് എന്നു വ്യക്തമാക്കിയിട്ടില്ല. ഭാരതീയ ശിക്ഷാസംഹിത അനുസരിച്ച് ‘excusable or justifiable’ ആയ കുറ്റങ്ങള്‍ പോലും ഉത്തമനായ ഒരു പുരുഷനും ചെയ്തു കൂടാ എന്നു മാത്രമാണു താന്‍ പറഞ്ഞതെന്നും കെ.ആര്‍. മീര പറഞ്ഞു.
സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പുരുഷന്‍മാര്‍ മുന്‍കയ്യെടുത്ത് ഉത്തമ കാമുകന്മാരാകണം എന്ന് മാത്രമേ അതിന് അര്‍ത്ഥമുള്ളുവെന്നും മീര കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു പരാമര്‍ശം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ സ്പര്‍ധയും കലാപവും ലഹളയും ഉണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. തന്റെ വാക്കുകള്‍ കേട്ട് കേരളത്തിലെവിടെയെങ്കിലും സ്ത്രീകളും പുരുഷന്‍മാരും ഗ്രൂപ്പ് തിരിഞ്ഞ് ലഹളയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളൊന്നും ഇല്ലെന്നും അവര്‍ പറഞ്ഞു.
പരാതിക്കാരന്‍ ദിവസേനെയന്നോണം വിവിധ ഇലക്ട്രോണിക് മാധ്യമങ്ങളിലും പ്ലാറ്റ്‌ഫോമുകളിലുമായി നടത്തുന്ന പ്രഖ്യാപനങ്ങളും വെല്ലുവിളികളും കുറ്റകൃത്യന്യായീകരണങ്ങളും ഏതൊക്കെ വകുപ്പുപ്രകാരമുള്ള കുറ്റകൃത്യങ്ങളാണെന്ന് പരാതിക്കാരന്റെ പരാതി തിരിച്ചിട്ടാലോചിച്ചാല്‍ വ്യക്തമാണെന്നും കെ.ആര്‍. മീര പറഞ്ഞു.
കൊലക്കുറ്റത്തെ താന്‍ ന്യായീകരിച്ചെന്ന് പരാതിക്കാരന്‍ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധവും മന:പൂര്‍വമായി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്നും മീര കുറിച്ചു.
തന്റെ സംഭാഷണത്തില്‍ ഒരിടത്തും താന്‍ കൊലക്കുറ്റത്തെയോ കുറ്റകൃത്യങ്ങളെയോ ന്യായീകരിച്ചിട്ടില്ല. ബന്ധങ്ങളില്‍ വളരെ ‘ടോക്‌സിക് ‘ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് ‘ചിലപ്പോള്‍ കഷായം കൊടുക്കേണ്ടി വരും’ എന്നു പറഞ്ഞാല്‍, അതിനര്‍ത്ഥം വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം, ബ്രഹ്‌മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണം ചെയ്‌തേക്കുമെന്നാണെന്ന് പരാതിക്കാരന് മനസിലാക്കാവുന്നതേയുള്ളുവെന്നും മീര പറഞ്ഞു.
അത്തരക്കാര്‍ക്ക് മേല്‍പ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികിത്സാശാസ്ത്രം പ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മീര പറഞ്ഞു.
പറയുന്നതെല്ലാം വളച്ചൊടിച്ചു സമൂഹത്തില്‍ തനിക്കെതിരെ സ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള പരാതിക്കാരന്റെ ശ്രമം, സ്ത്രീപീഡനത്തിന് ക്വട്ടേഷന്‍ കൊടുത്തയാളിന്റെ വിശ്വസ്തരുടെ സൗഹൃദക്കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ ‘സാഹിത്യ’ ക്വട്ടേഷനാണോ അതോ ഞാന്‍ കാരണം എല്ലാത്തരത്തിലും അസ്വസ്ഥരായ വലതുപക്ഷക്കാരുടെ ‘രാഷ്ട്രീയ’ ക്വട്ടേഷന്‍ ആണോ എന്ന സംശയം മാത്രമേ ബാക്കിയുള്ളുവെന്നും കെ.ആര്‍. മീര പറഞ്ഞു. ഇക്കാര്യത്തിലാണ് ഒരു അന്വേഷണം വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും. ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം’, എന്നായിരുന്നു കെ.ആര്‍. മീരയുടെ പ്രസ്താവന.
ഇതിനെതിരെ രാഹുല്‍ ഈശ്വര്‍ ഇന്ന് (ചൊവ്വ) പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിമര്‍ശനവുമായി മീര രംഗത്തെത്തിയത്.