കോഴിക്കോട്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്നുള്ള എം.പിമാര്‍ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര എം.പി ഷാഫി പറമ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാഫി പറമ്പലിന് മോഹമുണ്ടെങ്കിലും തങ്ങളുടെ പുയ്യാപ്ലയെ വിട്ടുകൊടുക്കാന്‍ വടകരക്കാര്‍ ഒരുക്കമല്ല എന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ മറുപടി.
ചോദ്യത്തോട് ഷാഫി പറമ്പിലും പ്രതികരിച്ചു. ഇപ്പോള്‍ തമാശ പറഞ്ഞതാണെങ്കിലും തനിക്കുള്ള ഉത്തരവാദിത്തം സണ്ണി ജോസഫ് കൃത്യമായി ഏല്‍പ്പിച്ചിട്ടുണ്ട് എന്നായിരുമന്നു ഷാഫി പറമ്പിലിന്റെ മറുപടി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും കൂടുതല്‍ എം.എല്‍.എമാര്‍ നിയമസഭയിലേക്ക് എത്തണമെന്നാണ് തന്റെ താത്പര്യമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.
‘വടകരയില്‍ നിന്നും കൂടുതല്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയിലേക്ക് എത്തണമെന്നാണ് എന്റെ താത്പര്യം. ആ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്.
നിങ്ങളോട് തമാശ പറഞ്ഞാലും എന്റെ ഉത്തരവാദിത്തം പ്രസിഡന്റ് കൃത്യമായി ഏല്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോടും കോണ്‍ഗ്രസിനെ വിജയിപ്പിക്കണം. അധ്യക്ഷന്റെ നേതൃത്വത്തില്‍ ആ ഉത്തരവാദിത്തം നടപ്പിലാക്കാന്‍ പരിശ്രമിക്കും. കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്,’ ഷാഫി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ കൈവിടുന്ന ട്രെന്‍ഡാണ് കഴിഞ്ഞ കുറച്ചുനാളുകളായി കോഴിക്കോട് ജില്ലയുടേത്. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും എം.എല്‍.എമാരെ ജയിപ്പിച്ചെടുക്കുക എന്നത് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ലക്ഷ്യമിട്ട് ഷാഫി പറമ്പില്‍ കരുനീക്കങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് ഷാഫിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് യോഗം സംഘടിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്.