തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പദവി രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ മാതൃക കാണിച്ചെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്.
രാഹുലിനെതിരെ ഒരു കേസോ ഒരു പരാതിയോ ഇല്ലെന്നും അങ്ങനെയുള്ള സംഭവങ്ങളില്‍ രാജിയെന്ന കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിന്റെ സസ്‌പെന്‍ഷന്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പദവി അദ്ദേഹം രാജിവെച്ച് മാതൃക തന്നെയാണ് കാണിച്ചത്. തുടര്‍ നടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്നലെയും ഇന്നുമായിട്ട് ആശയവിനിമയം നടത്തി.
ഞങ്ങള്‍ക്ക് ഇതുവരെയും, അല്ലെങ്കില്‍ നിയമപരമായിട്ടോ അദ്ദേഹത്തിനെതിരെ പരാതികള്‍ ലഭിച്ചിട്ടില്ല. എവിടേയും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ആയതിനാല്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നതിന് ന്യായീകരണവും യുക്തിയും ഇല്ല. അവര്‍ക്ക് അതിനുള്ള ധാര്‍മികതയും ഇല്ല.
അങ്ങനെ ഒരു പാരമ്പര്യം കേരള രാഷ്ട്രീയത്തില്‍ ഇല്ല. ഗുരുതരമായ കേസുകളില്‍ എഫ്.ഐ.ആറും ചാര്‍ജ് ഷീറ്റും ഉണ്ടായിട്ടും രാജിവെക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ട്.
എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും അങ്ങേയറ്റം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കന്നതുകൊണ്ടാണ് ഈ നടപടി.
അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സമചിത്തതയോടെ ആലോചിച്ച് എല്ലാവരും ഒരേ സ്വരത്തില്‍ ഒരേ അഭിപ്രായത്തോടെ എടുത്ത തീരുമാനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തുക എന്നത്.
ഇത് രാഹുലിനേയും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു. അതുവഴി തന്നെ അദ്ദേഹം ഇനി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി അംഗം ആയിരിക്കില്ല. ഇക്കാര്യവും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിനെ ഭയന്നാണെങ്കില്‍ പീരുമേടും ഉണ്ടല്ലോ. പാലക്കാട് എന്ത് സാഹചര്യമാണ്. ഒരു കേസുമില്ല, ഒരു പരാതിയുമില്ല. കേരളത്തില്‍ അങ്ങനെ ഒരു കീഴ്‌വഴക്കവുമില്ല.
ഞങ്ങളുടെ എതിരാളികള്‍ എന്തിന് വേണ്ടിയാണ് രാജി ആവശ്യപ്പെടുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും കേരളം ഭരിക്കുന്ന പാര്‍ട്ടിക്കും കോണ്‍ഗ്രസിനോട് അത് ആവശ്യപ്പെടാന്‍ ധാര്‍മികമായ അവകാശമില്ല,’ സണ്ണി ജോസഫ് പറഞ്ഞു.
Content Highlight: KPCC President Sunny Joseph about Rahul mamkoottathil Suspension