'പിണറായി വിജയന്‍ അല്‍പന്‍'; 'പ്രത്യേക ഏക്ഷന്‍' മാത്യുവിനോട് വേണ്ട: കെ. സുധാകരന്‍
Kerala News
'പിണറായി വിജയന്‍ അല്‍പന്‍'; 'പ്രത്യേക ഏക്ഷന്‍' മാത്യുവിനോട് വേണ്ട: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd September 2023, 5:31 pm

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരായ വിജിലന്‍സ് കേസ് പകപോക്കലാണെന്ന് കെ.പി.സി.സി പ്രസഡിന്റ് കെ. സുധാകരന്‍. വിജയന്റെ ‘പ്രത്യേക ഏക്ഷന്‍ ‘ മാത്യുവിനോട് വേണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താനും കോണ്‍ഗ്രസ് പ്രസ്ഥാനവും അദ്ദേഹത്തിന് കരുത്തായി കൂടെയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയ വിഷയം പൊതുജനങ്ങളുടെ മനസില്‍ കത്തിച്ചു നിര്‍ത്തുന്നതിന്റെ പേരില്‍ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച പിണറായി വിജയന്‍ വെറും അല്‍പനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ വന്നത് ഏതെങ്കിലും ആരോപണമല്ല. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായ കാര്യങ്ങളെ പറ്റിയാണ് ഞങ്ങള്‍ ചോദിക്കുന്നത്. മകള്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയതായി മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയത് പിതാവ് സംസ്ഥാനത്തിലെ പ്രധാന രാഷ്ട്രീയ നേതാവ് ആയതിനാല്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പി.വി എന്ന് കരിമണല്‍ കമ്പനി രേഖപ്പെടുത്തി വെച്ചിരിക്കുന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ എന്ന് തന്നെയാണെന്നും ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും ഒരു നാണവും ഇല്ലാതെ ഈ ക്രമക്കേടുകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി .
സംസ്ഥാനത്തെ കൊള്ളയടിച്ച് മുന്നോട്ടുപോകാമെന്ന് പിണറായി വിജയനും സി.പി.ഐ.എമ്മും കരുതുകയാണെന്നും സുധാകരന്‍ പറഞ്ഞു.

 

പിണറായി വിജയന്‍ മാത്യു കുഴല്‍നാടനെ ഭയന്ന് മാസങ്ങളോളം മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചുനടന്നെന്നും അന്വേഷണമെന്ന ഉമ്മാക്കി കാട്ടി അദ്ദേഹത്തെ ഭയപ്പെടുത്താമെന്ന് ഏതോ വിഡ്ഢികളാണ് മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുത്തതെന്നും സുധാകരന്‍ പറഞ്ഞു.

‘ഈ കള്ളക്കൂട്ടങ്ങളെ വെറുതെ വിടില്ല എന്ന് മനസില്‍ ഉറപ്പിച്ചുകൊണ്ട് തന്നെയാണ് മാത്യു കുഴല്‍നാടന്‍ മാസപ്പടി വിഷയത്തില്‍ തുടര്‍ച്ചയായി സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കുന്നത്. അന്വേഷണമെന്ന ഉമ്മാക്കി കാട്ടി മാത്യുവിനെ ഭയപ്പെടുത്താമെന്ന് ഏതോ വിഡ്ഢികളാണ് പിണറായി വിജയന് പറഞ്ഞുകൊടുത്തത്.

പണ്ടാരോ വിജയന് എഴുതിക്കൊടുത്ത് മാധ്യമങ്ങളുടെ മുന്നില്‍ വന്നിരുന്ന് കടലാസ് നോക്കി വായിച്ച ആ വാചകം തന്നെ ആവര്‍ത്തിക്കാം ‘മാത്യു കുഴല്‍നാടന്റെ മടിയില്‍ കനമില്ല, അതുകൊണ്ടുതന്നെ പിണറായി വിജയന്റെ പിപ്പിടിവിദ്യ കണ്ട് തളരില്ല ‘
എന്തായാലും അടിമുടി അഴിമതിയില്‍ കുളിച്ച് നില്‍ക്കുന്ന പിണറായി വിജയന്‍ മാത്യു കുഴല്‍നാടനെ ഭയന്ന് മാസങ്ങളോളം മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചുനടന്നു.

ഒടുവില്‍ പിണറായിയുടെ ഒക്കച്ചങ്ങായിമാരായ ബി.ജെ.പിക്കാരുമായിട്ടുള്ള സന്ധിക്ക് ശേഷമാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്. ആരാണ് ഭയന്നതെന്ന് ജനത്തിന് വ്യക്തമായിരിക്കുന്നു. എന്തായാലും വിജയന്റെ ഈ ‘പ്രത്യേക ഏക്ഷന്‍ ‘ മാത്യുവിനോട് വേണ്ട. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഞാനും കോണ്‍ഗ്രസ് പ്രസ്ഥാനവും മാത്യുവിന് കരുത്തായി കൂടെയുണ്ട്,’ കെ. സുധാകരന്‍ പറഞ്ഞു.

Content Highlight: KPCC President K. Sudhakaran said that the Vigilance case against Mathew Kuzhalnadan MLA is a Revenge