കേരളത്തിലെ കോണ്‍ഗ്രസിന്റെ സമനില തെറ്റി; മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശം കാണിക്കുന്നത് അതാണ്: പി. രാജീവ്
Kerala News
കേരളത്തിലെ കോണ്‍ഗ്രസിന്റെ സമനില തെറ്റി; മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശം കാണിക്കുന്നത് അതാണ്: പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2023, 5:01 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി പി. രാജീവ്. പൊതുപ്രവര്‍ത്തന മര്യാദകള്‍ക്ക് നിരക്കാത്തതും ഒരു രാഷ്ട്രീയ നേതാവ് ഒരു സാഹചര്യത്തിലും നടത്താന്‍ പാടില്ലാത്തതുമായ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പി. രാജീവ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊച്ചിയില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് ഡി.സി.സി നടത്തിയ റാലിയല്‍ സംസാരിക്കവെ യായിരുന്നു സുധാകരന്‍ മുഖ്യമന്ത്രിയെ ‘ചെറ്റ’ എന്ന് വിളച്ചത്. ഇതിനെതിരെയാണ് രാജീവിന്റെ പ്രതികരണം. കെ. സുധാകരന്റെയും വി.ഡി സതീശന്റെയും സമീപകാല പ്രസ്താവനകള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പി. രാജീവ് പറഞ്ഞു.

‘സ്ഥിരമായി പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന ചിന്ത കേരളത്തിലെ കോണ്‍ഗ്രസിന്റെ സമനില തെറ്റിച്ചിരിക്കുന്നു എന്നാണ് കെ.പി.സിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും വാക്കുകള്‍ സൂചിപ്പിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ പ്രസംഗവും മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തുന്ന പ്രസ്താവനകളും പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. ഇത്തരം പ്രതികരണങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും പ്രതിപക്ഷം മനസിലാക്കണം.

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രിക്കെതിരെ നീച് എന്ന പ്രയോഗമായിരുന്നു അദ്ദേഹം നടത്തിയത്. ഉടനെ നടപടിയെടുക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രഖ്യാപിച്ചു. മണിശങ്കര്‍ അയ്യരുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് നേതൃത്വം സുധാകരന്റെ കാര്യത്തിലും സ്വീകരിക്കാന്‍ തയ്യാറാകുമോ? അതോ പ്രധാനമന്ത്രിയെ പറഞ്ഞാല്‍ മാത്രമേ സംഘടനാ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയുള്ളൂ?,’ പി. രാജീവ് എഴുതു.