ഷുക്കൂര്‍ വധക്കേസ്; ഏ.ജിയുടേത് പദവിക്ക് കളങ്കമായ നടപടിയെന്ന് കെ.പി.എ മജീദ്
Daily News
ഷുക്കൂര്‍ വധക്കേസ്; ഏ.ജിയുടേത് പദവിക്ക് കളങ്കമായ നടപടിയെന്ന് കെ.പി.എ മജീദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2016, 10:04 pm

kpa-majeed-01

മലപ്പുറം: ഷുക്കൂര്‍ വധക്കേസിലെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അഡ്വക്കറ്റ് ജനറല്‍ പങ്കാളിയായത് സ്വന്തം പദവിക്ക് കളങ്കമായ നടപടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേസില്‍ സി.ബി.ഐ അന്വേഷണത്തെ എന്തിനാണ് പ്രതികള്‍ ഭയക്കുന്നത്. കുറ്റക്കാരല്ലെന്ന് ബോധ്യമുണ്ടെങ്കില്‍ ഏതു രീതിയിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും കെ.പി.എ മജീദ് റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പ്രതികളെ രക്ഷപ്പെടുത്താനും അന്വേഷണത്തിന് തുരങ്കം വെക്കാനും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ നിലപാട് മാറ്റിയത് പ്രതിഷേധാര്‍ഹമാണെന്ന് മജീദ് അഭിപ്രായപ്പെട്ടു. ഭരണഘടന പദവി അലങ്കരിക്കുന്ന അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയ്ക്ക് ഒരിക്കലും നിന്ന് കൊടുക്കരുതായിരുന്നു. നിയമത്തിനും നീതിക്കും നിലകൊള്ളേണ്ട കാര്യം ഏ.ജി മറക്കരുതായിരുന്നെന്നും കെ.പി.എ മജീദ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു സ്റ്റേ. അന്വേഷണ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സി.ബി.ഐക്ക് നിര്‍ദ്ദേശമുണ്ട്.

2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടിയിരുന്നു.