കോടതി ഇടപെടലിന് പിന്നാലെ നേപ്പാളില്‍ ഭരണമാറ്റം; കെ.പി. ശര്‍മ ഒലി രാജിവെച്ചു, ബഹദുര്‍ ദ്യോബ പുതിയ പ്രധാനമന്ത്രി
World News
കോടതി ഇടപെടലിന് പിന്നാലെ നേപ്പാളില്‍ ഭരണമാറ്റം; കെ.പി. ശര്‍മ ഒലി രാജിവെച്ചു, ബഹദുര്‍ ദ്യോബ പുതിയ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 5:15 pm

കാഠ്മണ്ഡു: നേപ്പാള്‍ കാവല്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവെച്ചു. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് ശര്‍മ ഒലിയുടെ രാജി. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നേപ്പാളി കോണ്‍ഗ്രസ് നേതാവ് ബഹദുര്‍ ദ്യോബയാണ് പുതിയ പ്രധാനമന്ത്രിയാവുക.

ഇന്നലെ 24 മണിക്കൂറിനകം ബഹദുര്‍ ദ്യോബയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെതന്നെ ഇതുസംബന്ധിച്ച നിര്‍ദേശം പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി നല്‍കുകയായിരുന്നു.

പ്രസിഡന്റ് പിരിച്ചുവിട്ട ജനപ്രതിനിധികളെ തല്‍സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ചോളോന്ദ്ര ഷംഷേര്‍ റാണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെതായിരുന്നു വിധി.

275 അംഗ പാര്‍ലമെന്റില്‍ 149 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഷേര്‍ ബഹാദൂര്‍ ദ്യോബ കഴിഞ്ഞ പ്രസിഡന്റ് ഭണ്ഡാരിയെ അറിയിച്ചിരുന്നു. എന്നാല്‍ ഒലിയുമായി അടുപ്പമുള്ള പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ട് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടത്. നേരത്തെ നാല് തവണ നേപ്പാള്‍ പ്രധാനമന്ത്രി പദത്തിലെത്തിയ നേതാവാണ് ബഹദുര്‍ ദ്യോബ. ദ്യോബക്ക് 30 ദിവസം ഭൂരിപക്ഷം തെളിയിക്കാന്‍ സമയമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  KP Sharma Oli out, SC orders Sher Bahadur Deuba to be made PM in Nepal