'കഞ്ചാവോളികള്‍ പറയുന്നതേ ഭരണകൂടം കേൾക്കൂ' വേടനെതിരെ അധിക്ഷേപവുമായി കെ.പി. ശശികല
Kerala News
'കഞ്ചാവോളികള്‍ പറയുന്നതേ ഭരണകൂടം കേൾക്കൂ' വേടനെതിരെ അധിക്ഷേപവുമായി കെ.പി. ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st May 2025, 12:45 pm
റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും കെ.പി. ശശികല

പാലക്കാട്: റാപ്പര്‍ വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. കഞ്ചാവോളികള്‍ പറയുന്നതേ കേൾക്കൂ എന്ന നിലപാട് ഭരണകൂടം മാറ്റണമെന്ന് വേടനെ അധിക്ഷേപിച്ചുകൊണ്ട് കെ.പി. ശശികല പറഞ്ഞു. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു പരാമര്‍ശം.

റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലെന്നും കെ.പി. ശശികല പറഞ്ഞു.

റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും തനതായ കലാരൂപം? ഇന്ന് വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നിലാണ് സമൂഹം അപമാനിക്കപ്പെടുന്നത്. അതുകൊണ്ട് സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം, കഞ്ചാവോളികള്‍ പറയുന്നതേ കേൾക്കൂ എന്ന നിലപാട് ഭരണകൂടം മാറ്റണമെന്നാണ് കെ.പി. ശശികല പറഞ്ഞത്.

പട്ടികജാതി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഒരു പരിപാടി നടത്തുമ്പോള്‍ ആ വിഭാഗവുമായി ബന്ധപ്പെട്ട കാലാരൂപത്തെയല്ലേ അവിടെ അവതരിപ്പിക്കേണ്ടതെന്നും ശശികല ചോദിക്കുന്നുണ്ട്. പാലക്കാട് നടന്ന വേടന്റെ പരിപാടിയെ മുൻനിർത്തിയായിരുന്നു ശശികലയുടെ പരാമർശം.

പട്ടികജാതി വിഭാഗത്തെ വിഘടനവാദത്തിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കെ.പി. ശശികല പറഞ്ഞു.  വേടന് മുന്നിൽ ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോറ് മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും കെ.പി. ശശികല പറഞ്ഞു.

ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാന്‍ വേണ്ടി തന്നെയാണ് ഹിന്ദു ഐക്യവേദി വന്നിരിക്കുന്നതെന്നും ഹിന്ദുഐക്യവേദി നേതാവ് ഭീഷണി മുഴക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേടനെ ലക്ഷ്യമിട്ട് ആര്‍.എസ്.എസ് നേതാക്കള്‍ വിദ്വേഷവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തരായ സ്പോണ്‍സര്‍മാരുണ്ടെന്നും വേടന്റെ പാട്ടെന്ന് പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നും കേസരി മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആര്‍. മധു പറഞ്ഞിരുന്നു.

സൂക്ഷ്മമായി പഠിച്ചാല്‍ ഈ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ വേടന് പിന്നിലുണ്ടെന്ന് മനസിലാക്കാമെന്നും എന്‍.ആര്‍. മധു ആരോപിച്ചിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി നല്‍കിയ പരാതില്‍ എന്‍.ആര്‍. മധുവിനെതിരെ ബി.എന്‍.എസ് സെക്ഷന്‍ 192 പ്രകാരം കേസെടുത്തിരുന്നു.

ഇതിനുപുറമെ പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ നിയന്ത്രണാതീതമായ തിരക്കുണ്ടായതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ബി.ജെ.പി ഭരണത്തിലിരിക്കുന്ന പാലക്കാട് നഗരസഭ വേടനെതിരെ രംഗത്തെത്തിയിരുന്നു. കഞ്ചാവ് കേസില്‍ പ്രതിയായ ഒരാളെ മാത്രമേ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുകയുള്ളുവെന്ന് നഗരസഭ ചോദിച്ചിരുന്നു. പരിപാടിക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുക്കാനും നഗരസഭ തീരുമാനിച്ചിരുന്നു.

Content Highlight: KP Sasikala makes insulting remarks against the vedan