ഒടുവില്‍ ആശ്വാസം; നാല് ദിവസത്തിന് ശേഷം ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി
Kerala News
ഒടുവില്‍ ആശ്വാസം; നാല് ദിവസത്തിന് ശേഷം ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി
ആദര്‍ശ് എം.കെ.
Sunday, 5th April 2026, 6:58 pm

കുടക്: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ജി.എസ്. ശരണ്യ (36)യെ കണ്ടെത്തി. നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.

കര്‍ണാടക വനം വകുപ്പും പൊലീസും ചേര്‍ന്നാണ് വനമേഖലയില്‍ തെരച്ചില്‍ നടത്തിയത്. നക്‌സല്‍ വിരുദ്ധ സേനാംഗങ്ങളും തെരച്ചിലിന്റെ ഭാഗമായിരുന്നു.

ശരണ്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊച്ചിയില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങ്ങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്.

എന്നാല്‍ കാട്ടാന ശല്യമുള്ളതിനാല്‍ ഒറ്റയ്ക്ക് കയറ്റിവിടാനാകില്ലെന്ന് വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്നു. ശേഷം വനം വകുപ്പിന്റെ അനുമതി ലഭിച്ചതോടെ പത്തംഗ സംഘത്തോടൊപ്പം ഏപ്രില്‍ രണ്ടിന് രാവിലെ ശരണ്യ ട്രക്കിങ് ആരംഭിച്ചു. എന്നാല്‍, വനത്തിനുള്ളില്‍ വെച്ച് ശരണ്യയ്ക്ക് വഴി തെറ്റി പോയിരുന്നു.

തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോം സ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

ശരണ്യക്കൊപ്പം പോയവര്‍ വ്യാഴം വൈകീട്ട് മടങ്ങിയെത്തിയിരുന്നു. ഇവരോട് ചോദിച്ചപ്പോള്‍ ശരണ്യ മലമുകളില്‍ നായയോടൊപ്പം കളിച്ചു നില്‍ക്കുന്നെന്നായിരുന്നു മറുപടി.

വനം വകുപ്പും പൊലീസും തെരച്ചില്‍ തുടങ്ങിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷനും കണ്ടെത്താനായില്ല.

വെല്ലുവിളികള്‍ നീണ്ട നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ ഒടുവില്‍ ശരണ്യയെ കണ്ടെത്തുകയായിരുന്നു.

എട്ടോളം സംഘങ്ങളാണ് ശരണ്യയ്ക്കായി തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഞായര്‍ വൈകുന്നേരത്തോടെ വനമേഖലയില്‍നിന്ന് സിഗ്‌നല്‍ ലഭിക്കുന്നതും തെരച്ചില്‍സംഘം ശരണ്യയെ കണ്ടെത്തുകയുമായിരുന്നു.

ശരണ്യ സുരക്ഷിതയാണെന്നും മടിക്കേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Content Highlight: Kozhikode native Saranya, who went missing while trekking, has been found.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.