പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഐ.എന്‍.എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച കോഴിക്കോട് സ്വദേശി പിടിയില്‍
Kerala News
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഐ.എന്‍.എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച കോഴിക്കോട് സ്വദേശി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 12:14 pm

കോഴിക്കോട്: ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ വിവരം തേടി ദക്ഷിണ നാവിക സേന ആസ്ഥാനത്തേക്ക് ഫോണ്‍ വിളിച്ച കോഴിക്കോട് സ്വദേശി പിടിയില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനാണ് അറസ്റ്റിലായത്. നടക്കാവ് സ്വദേശിയാണ് ഇയാള്‍.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേനയാണ് ഇയാള്‍ നാവിക സേന ആസ്ഥാനത്തേക്ക് വിളിച്ചത്. ഹാര്‍ബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഇയാളുടെ വീട്ടില്‍ പൊലീസ് അന്വേഷിച്ച് എത്തിയിരുന്നെങ്കിലും ഇയാള്‍ ഒളിവിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് ഇയാള്‍ ഐ.എന്‍.എസ് വിക്രാന്തിന്റെ കൃത്യം ലൊക്കേഷന്‍ അന്വേഷിച്ചുകൊണ്ട് ദക്ഷിണ നാവിക സേനയുടെ കൊച്ചി ആസ്ഥാനത്തേക്ക് വിളിച്ചത്.

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ സമയത്ത് ഐ.എന്‍.എസ് വിക്രാന്ത് പാകിസ്ഥാന്‍ തീരത്തേക്ക് പോകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സമയത്താണ് ഇയാളുടെ ഫോണ്‍കോള്‍ വന്നത്. ഫോണ്‍ ചെയ്തപ്പോള്‍ രാഘവ് എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്.

ഐ.എന്‍.എസ് വിക്രാന്ത് ഇപ്പോള്‍ കൊച്ചിയിലുണ്ടോ ഇല്ലെങ്കില്‍ എവിടെയാണ് വിക്രാന്തിന്റെ ലൊക്കേഷന്‍ എന്നായിരുന്നു ഇയാള്‍ ചോദിച്ചത്. ശേഷം ഒരു മൊബൈല്‍ നമ്പറും നല്‍കി. ഈ നമ്പറിലേക്ക് വിവരം അറിയിക്കണം എന്നാണ് ഇയാള്‍ നേവി ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് വ്യാജഫോണ്‍ കോളാണെന്ന് നാവിക സേന മനസിലാക്കുകയും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് പിടിയിലാകുന്ന സമയത്ത് വേറെ പേരാണ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ ഇയാളുടെ ഉദ്ദേശലക്ഷ്യം മനസിലാക്കാനാണ് കസ്റ്റഡിയില്‍ എടുത്തത്.

Content Highlight: Kozhikode native arrested for seeking location of INS Vikrant by pretending to be from Prime Minister’s Office