കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടി താത്കാലികമായി നിര്‍ത്തിവെച്ചു. നടപടിയില്‍ ആശുപത്രി വികസന സമിതി ജൂണ്‍ 17ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.
കൊവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോള്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു ഫീസ് ഏര്‍പ്പെടുത്തിയത്. 50 രൂപയായിരുന്നു സന്ദര്‍ശന ഫീസ്. നടപടിക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഫീസ് പിന്‍വലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
കേരളത്തിലെ ആതുരസേവന മേഖലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രവുമായ മെഡിക്കല്‍ കോളേജില്‍ കൊവിഡിന്റെ കാലത്താണ് സന്ദര്‍ശകര്‍ക്കുള്ള അനുമതി നിര്‍ത്തലാക്കിയത്. അതുവരെ വൈകീട്ട് മൂന്ന് മണി മുതല്‍ നാല് മണി വരെ രോഗികള്‍ക്ക് സന്ദര്‍ശന അനുമതി ഉണ്ടായിരുന്നതായും ഡി.വൈ.എഫ്.ഐ പറഞ്ഞിരുന്നു.
രോഗികളുടെയും ബന്ധുക്കളുടെയും നിസഹായാവസ്ഥ മുതലെടുത്ത് വരുമാനം ഉണ്ടാക്കുന്ന നടപടി മനുഷ്യത്വ വിരുദ്ധമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്യായമായി വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കുന്നില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
കൂടാതെ മെഡിക്കല്‍ കോളേജില്‍ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമാണ് നിലവില്‍ അനുവദിക്കുന്നത്. ഗുരുതര രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരെ സഹായിക്കാന്‍ ഒന്നിലധികം ആളുകളെ ആവശ്യമായി വരാറുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ഫീസ് വര്‍ധനവില്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധവുമായെത്തിയ യുവ മോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തിരുന്നു. സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെയാണ് ആശുപത്രി അധികൃതര്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചത്.
Content Highlight: Kozhikode Medical College suspends fee collection for visitors