അവസാന നിമിഷം കാലുമാറല്‍; കോഴിക്കോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ച് ആം ആദ്മിയിലേക്ക്; മാവൂരില്‍ സ്ഥാനാര്‍ത്ഥിയാകും
Kerala
അവസാന നിമിഷം കാലുമാറല്‍; കോഴിക്കോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ച് ആം ആദ്മിയിലേക്ക്; മാവൂരില്‍ സ്ഥാനാര്‍ത്ഥിയാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th November 2025, 1:17 pm

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് കോണ്‍ഗ്രസില്‍ നാടകീയ സംഭവങ്ങള്‍. നടക്കാവ് കൗണ്‍സിലറായ അല്‍ഫോണ്‍സ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

പൊതുപരിപാടയില്‍ വെച്ചാണ് അല്‍ഫോണ്‍സ രാജിക്കത്ത് കൈമാറിയത്. തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ പത്ത് മിനിറ്റ് ബാക്കി നില്‍ക്കെയായിരുന്നു കൗണ്‍സിലറുടെ രാജി.

മാവൂര്‍ റോഡില്‍ നിന്നും ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് അല്‍ഫോണ്‍സ അറിയിച്ചിരിക്കുന്നത്. രാജിക്കത്ത് നല്‍കാനായി കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിയെങ്കിലും സെക്രട്ടറി അവധിയായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി ഒരു ഉദ്ഘാടന വേദിയിലുമായിരുന്നു.

തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് തന്നെ നടക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എത്തി കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ക്കും ഡെപ്യൂട്ടി സെക്രട്ടറിക്കും രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിക്കത്ത് വാങ്ങി മേയര്‍ ബീന ഫിലിപ്പടക്കമുള്ളവര്‍ ചിരിക്കുന്നതും ഉദ്ഘാടന വേദിയില്‍ കൗതുക കാഴ്ചയായി.

രണ്ട് മുന്നണികളും 45 വര്‍ഷമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കട്ടുമുടിക്കുകയാണ്. ജനങ്ങള്‍ ഇതില്‍ രോഷാകുലരാണ്. ഈ സിസ്റ്റത്തോടുള്ള തന്റെ വിയോജിപ്പാണ് രാജിയിലൂടെ പ്രതിഫലിക്കുന്നതെന്ന് അല്‍ഫോണ്‍സ ടീച്ചര്‍ പ്രതികരിച്ചു.

അതേസമയം, കോണ്‍ഗ്രസ് സീറ്റ് നല്‍കാന്‍ സാധ്യതയില്ലാത്തതിനാലാണ് അല്‍ഫോണ്‍സയുടെ രാജിയെന്ന ആരോപണങ്ങളും ഉയര്‍ന്നു. ഇതുനിഷേധിച്ച അല്‍ഫോണ്‍സ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തുമെന്നും റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

നടക്കാവ് വാര്‍ഡ് വിഭജനത്തില്‍ 50 ശതമാനത്തോളം ഭാഗം മാവൂര്‍ റോഡിന്റെ ഭാഗമായി മാറിയിരുന്നു. സ്ത്രീ സംവരണ സീറ്റായ മാവൂര്‍ റോഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അല്‍ഫോണ്‍സയുടെ രാജി. ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയായിരുന്നു രാജി.

കോണ്‍ഗ്രസില്‍ ഇത്തരത്തിലുള്ള രാജി ട്വിസ്റ്റുകള്‍ തൃശൂരിലും എറണാകുളത്തുമെല്ലാം ആവര്‍ത്തിക്കുമെന്ന് ആം ആദ്മി നേതാക്കള്‍ പ്രതികരിച്ചു. ആം ആദ്മിയിലേക്ക് കൂടുതല്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കള്‍ ഉടനെ തന്നെ എത്തുമെന്നും സീറ്റ് ലഭിക്കാത്തതുകൊണ്ടല്ല അല്‍ഫോണ്‍സയെ പോലുള്ള നേതാക്കള്‍ ആം ആംദ്മിയില്‍ എത്തുന്നതെന്നും പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു.

50 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കുന്നുണ്ടെങ്കിലും സ്ത്രീകളെ ഡമ്മികളാക്കി ഭരിക്കുന്ന രീതിയാണ് എല്‍.ഡി.എഫിന്റെതും യു.ഡി.എഫിന്റെതെന്നും ആം ആദ്മി വിമര്‍ശിച്ചു.

അഞ്ചു വര്‍ഷമായിട്ടും സ്ത്രീകളെ മുന്നണികള്‍ ഡമ്മികളാക്കി നിര്‍ത്തുകയാണെന്ന് മനസിലാക്കാനായില്ലേ എന്ന ചോദ്യത്തോട് ജനങ്ങളോടുള്ള പ്രതിബദ്ധത കാരണമാണ് അവസാന നിമിഷം തന്റെ രാജിയെന്നും അല്‍ഫോണ്‍സ വിശദീകരിച്ചു.

അതേസമയം, അല്‍ഫോണ്‍സ കഴിഞ്ഞ പത്ത് മാസത്തോളമായി ആം ആദ്മിയുടെ സഹയാത്രികയാണെന്നും പാര്‍ട്ടിയെ കുറിച്ച് വ്യക്തമായി മനസിലാക്കിയാണ് പാര്‍ട്ടിയിലേക്ക് വന്നതെന്നും തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നുമായിരുന്നു ആം ആദ്മി നേതൃത്വത്തിന്റെ വിശദീകരണം.

Content Highlight: Kozhikode Congress councilor Alphonsa resigns and joins Aam Aadmi Party; will be candidate in Mavoor