വിദേശത്ത് നിന്നെത്തിയത് മെഡിക്കല്‍ ചെക്കപ്പിനായി; യുവാവ് കാറിടിച്ചത് സ്വകാര്യ കമ്പനിയുടെ പ്രമോഷന്‍ ചിത്രീകരണത്തിനിടെ
Kerala News
വിദേശത്ത് നിന്നെത്തിയത് മെഡിക്കല്‍ ചെക്കപ്പിനായി; യുവാവ് കാറിടിച്ചത് സ്വകാര്യ കമ്പനിയുടെ പ്രമോഷന്‍ ചിത്രീകരണത്തിനിടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2024, 7:25 pm

കോഴിക്കോട്: സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷന്‍ ചിത്രീകരണത്തിനിടെ ബീച്ച് റോഡില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നെതന്ന് യുവാവിന്റെ അയല്‍വാസി.

വടകര കടമേരി തച്ചിലേരി താഴെ കുനിയില്‍ സുരേഷ് ബാബുവിന്റെ മകന്‍ ആല്‍വിന്‍ (21) ആയിരുന്നു വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് കാറിടിച്ച് മരിച്ചത്. സുരേഷ് ബാബുവിന്റെ ഏകമകനായ ആല്‍വിന് രണ്ടു വര്‍ഷം മുമ്പ് കിഡ്‌നി ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു.

കുറച്ചു നാളുകളായി വിദേശത്ത് ജോലി ചെയ്തുവന്നിരുന്ന ആല്‍വിന്‍ ആറു മാസം കൂടുമ്പോഴുള്ള തന്റെ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് ആല്‍വിന്‍ കോഴിക്കോട് സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷന്‍ ചിത്രീകരണത്തിനായി എത്തിയതെന്നും അയല്‍വാസി പറഞ്ഞു.

ഇന്ന് (ചൊവ്വാഴ്ച) രാവിലെ ഏഴ് മണിയോടെയായിരുന്നു ആല്‍വിന് അപകടം സംഭവിച്ചത്. ഡിഫന്‍ഡര്‍ കാറിന്റെയും ബെന്‍സ് കാറിന്റെയും വീഡിയോയിരുന്നു ചിത്രീകരിച്ചത്. ഇതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം പാഞ്ഞെത്തിയ ഡിഫന്‍ഡര്‍ ആല്‍വിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഉടനെ ഒപ്പം ഉണ്ടായിരുന്നവര്‍ ഇടിച്ചുതെറിപ്പിച്ച കാറില്‍ തന്നെ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11:30 ഓടെ മരിക്കുകയായിരുന്നു.

Content Highlight: Kozhikode Beach Road Car Accident During The Promotional Shoot – Update