കോഴിക്കോട് വലിയങ്ങാടി. തൊഴിലാളി ചരിത്രത്തിന്റെ പ്രതാപമേറുന്ന കേരളത്തിലെ പ്രധാന വ്യാപാര കേന്ദ്രം. വലിയങ്ങാടിയിലെ കമ്മാലി തൊഴിലാളികള്‍ വര്‍ത്തമാനം പറയാന്‍ ഇരുന്നാല്‍ അതില്‍ ക്ലാവുപിടിക്കാത്ത തൊഴിലാളി സമരങ്ങളുടെ കഥകളുണ്ടാവും.
കമ്മാലിത്തൊഴിലാളികളിലെ കാരണവരാണ് മമ്മദ്‌കോയ. നാടിനുവേണ്ടി ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ചുമടേറ്റിയ മമ്മദ്‌കോയ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ ജീവിതത്തെക്കുറിച്ച് വാചാലരാവുമ്പോള്‍ അവരുടെ വാക്കുകളില്‍ നിറയുന്ന ഒരു വിശേഷം കൂടിയുണ്ട്.
വലിയങ്ങാടിയിലെ വലിയൊരു വിഭാഗം തൊഴിലാളികളെ ചേര്‍ത്തുപിടിച്ച സി.ഐ.ടി.യു എന്ന തൊഴിലാളി പ്രസ്ഥാനത്തിന് ഈ വര്‍ഷം 50 വയസ്സ് തികയുകയാണ്. 1974ല്‍ കോഴിക്കോട് വലിയങ്ങാടിയിലെ സി.ഐ.ടി.യു ഘടകം രൂപീകരിച്ചതും 1977ലയും 1991ലെയും കൂലിവര്‍ധനവിനു വേണ്ടി നടത്തിയ സമരങ്ങളും ഈ തൊഴിലാളികളുടെ മനസ്സില്‍ കാലം മായ്ക്കാതെ കിടപ്പുണ്ട്.