
തിരുവനന്തപുരം: കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി ദാസന്‍ (45) ആണ് മരിച്ചത്.
ഗുരുതര പരുക്കുകളോടെ ഭാര്യ ഷീജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ മൂന്നു പേരടങ്ങിയ സംഘമെന്നു സൂചന.
പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം നടന്നത്. മക്കളാണ് ദാസനെയും ഭാര്യയെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.
അപ്പോഴേക്കും ദാസന്‍ മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെക്കുറിച്ച് വിവരമില്ല. വീട്ടില്‍ അജ്ഞാത സംഘം കയറി ആക്രമിക്കുകയായിരുന്നെന്നാണ് ഷീജയുടെ മൊഴി.
അക്രമികള്‍ പിന്‍വാതില്‍ തുറന്നാകാം അകത്ത് കയറിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ദാസന്റെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ച നിലയിലാണ്.തലയ്ക്ക് വെട്ടേറ്റിട്ടുണ്ട്.
എന്നാല്‍ എങ്ങനെയാണ് ആക്രമണം നടന്നതെന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ മേഖലാ ഡി.ജി.പി ബി.സന്ധ്യ സ്ഥലം സന്ദര്‍ശിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.
