രാഷ്ട്രീയ കൊലകളില്‍ ദുരിതം പേറുന്ന സ്ത്രീകളുടെ കഥ കൂടിയാണ് കൊത്ത്
Film News
രാഷ്ട്രീയ കൊലകളില്‍ ദുരിതം പേറുന്ന സ്ത്രീകളുടെ കഥ കൂടിയാണ് കൊത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th September 2022, 1:59 pm

രാഷ്ട്രീയ കൊലപാതകങ്ങളും അതുമൂലമുണ്ടാകുന്ന ദുരിതങ്ങളും വിശദമായി ചിത്രീകരിച്ച സിനിമയാണ് കൊത്ത്. സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ‘രാഷ്ട്രീയത്തിന്റെ’ പേരിലുള്ള കൊലപാതകങ്ങളുടെ ഇരയാകേണ്ടി വരുന്ന സ്ത്രീകളുടെ കഥ കൂടിയാണ് കൊത്ത് പറഞ്ഞുപോകുന്നത്. കൊല ചെയ്തവന്റെയാണെങ്കിലും ചെയ്യപ്പെട്ടവന്റെയാണെങ്കിലും കുടുംബങ്ങള്‍ക്ക് പ്രത്യേകിച്ച് അവിടുത്തെ സ്ത്രീകള്‍ക്ക് പിന്നീട് സമാധാനപരമായി ജീവിക്കാന്‍ പറ്റാത്തതിന്റെ നേര്‍കാഴ്ച ചിത്രം കാണിച്ചുതരുന്നുണ്ട്.

തുറിച്ചുനോക്കുന്നവരെ പോലും ഭയമാണ് എന്ന് ഒരു സ്ത്രീകഥാപാത്രം പറയുന്നതില്‍ അതിന്റെ എല്ലാ ഭീകരതയും വ്യക്തമാകുന്നുണ്ട്. മകളുടെ മരുന്നിന് പോലും കാശില്ലാതെ വലയുന്ന, മക്കളെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന സ്ത്രീകളെ സിനിമയില്‍ കാണാം.

മകനെ ഓര്‍ത്ത് നിസഹായയാവുന്ന, അടുത്ത തലമുറയെങ്കിലും നശിച്ചുപോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയെ സിനിമയില്‍ കാണാം. കൊലപാതകത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിന്റെ തിക്തഫലങ്ങള്‍ വ്യക്തികളേയും കുടുംബങ്ങളേയും വേട്ടയാടുന്നതും ചിത്രം കാണിച്ചുതരുന്നുണ്ട്.

അതുപോലെ കൊലപാതകികള്‍ക്ക് കൊല്ലപ്പെട്ടവര്‍ക്കും സര്‍വസഹായങ്ങളുമായി ഇരുപാര്‍ട്ടികളും എത്തുന്നതും അവര്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നതും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ജീവനെടുക്കുന്നതല്ല, ജീവിക്കുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം എന്ന സന്ദേശം കൂടി ചിത്രം നല്‍കുന്നുണ്ട്.

Content Highlight: Kotthu is also a story of women suffering in political killings write up