യന്തിരനിലെ ഡബ്ബിങ്ങിനിടയില്‍ എന്റേത് ഹനീഫിക്കയുടെ ശബ്ദമല്ലെന്ന് പറഞ്ഞു; അതോടെ ഞാന്‍ ഡൗണായി: കോട്ടയം നസീര്‍
Film News
യന്തിരനിലെ ഡബ്ബിങ്ങിനിടയില്‍ എന്റേത് ഹനീഫിക്കയുടെ ശബ്ദമല്ലെന്ന് പറഞ്ഞു; അതോടെ ഞാന്‍ ഡൗണായി: കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd November 2023, 7:31 pm

സിനിമയില്‍ കൊച്ചിന്‍ ഹനീഫക്ക് വേണ്ടി ശബ്ദം ചെയ്യാനുള്ള അവസരം കിട്ടിയതിനെ പറ്റി സംസാരിക്കുകയാണ് കോട്ടയം നസീര്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘യന്തിരന്‍’, ‘മദ്രാസിപട്ടണം’ എന്നീ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫിക്കക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. കലാഭവന്‍ മണി മുഖേനയാണ് യന്തിരനില്‍ ഇക്കയുടെ ശബ്ദം ചെയ്യാനുള്ള അവസരം കിട്ടിയത്. അതിനായി ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചാണ് ചെന്നൈയിലെത്തിയത്.

ഹനീഫിക്ക അഭിനയിച്ച സീന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ‘ഇത് ഹനീഫിക്കയുടെ ശബ്ദമല്ല’ എന്ന പ്രതികരണമാണ് സൗണ്ട് എന്‍ജിനീയറുടെ ഭാഗത്ത് നിന്ന് ആദ്യം വന്നത്. അതുകേട്ട് ഞാന്‍ ആകെ ഡൗണായി. കുറേ ടേക്കുകള്‍ക്ക് ശേഷമാണ് ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

ഡബ്ബിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സൗണ്ട് എന്‍ജിനീയര്‍ അടുത്ത് വന്ന്, ‘സോറി സാര്‍, ആദ്യ ടേക്കില്‍ തന്നെ ശബ്ദം ഒക്കെയായിരുന്നു. പിന്നെ ഓരോ ടേക്കിലും പെര്‍ഫെക്ഷന്‍ കൂടി വന്നു. ആ പെര്‍ഫെക്ഷന്‍ കിട്ടാന്‍ വേണ്ടിയായിരുന്നു ശരിയായില്ലെന്ന് പറഞ്ഞത്’ എന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ സന്തോഷം തോന്നി.

അതിന് ശേഷം ‘മദ്രാസിപട്ടണം’ എന്ന സിനിമയിലും ഹനീഫിക്കക്ക് വേണ്ടി ശബ്ദം നല്‍കി. ഇരുപത്തിയേഴ് സീനുകളുള്ള സിനിമ രാവിലെ ഏഴ് മണിക്ക് തുടങ്ങി ഉച്ചക്ക് മൂന്ന് മണി ആകുമ്പോഴേക്കും ഡബ്ബ് ചെയ്ത് തീര്‍ത്തു. സത്യത്തില്‍ ഒരു പരാകായപ്രവേശനം തന്നെയായിരുന്നു അത്. ഹനീഫിക്ക എന്റെയുള്ളില്‍ വന്നു നിറയുന്നത് പോലെ തോന്നും.

സിനിമയില്‍ ഞാന്‍ ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ടു. നടനെന്ന നിലയിലും മിമിക്രി താരമെന്ന നിലയിലും ഒരേ സംതൃപ്തിയാണ് ലഭിക്കുന്നത്. മിമിക്രിയിലൂടെ മറ്റുള്ളവരെ അനുകരിക്കുമ്പോള്‍ പ്രേക്ഷകരില്‍ നിന്ന് നേരിട്ട് കിട്ടുന്ന അഭിനന്ദനവും, സിനിമയില്‍ നമ്മള്‍ ചെയ്യുന്ന കഥാപാത്രത്തില്‍ നിന്ന് കിട്ടുന്ന അംഗീകാരവും വ്യത്യസ്തമാണ്.

ഒരു സിനിമയിലെ കഥാപാത്രം എല്ലാതരത്തിലും നമുക്ക് സ്വന്തമാണ്. അങ്ങനെ ഒരു കഥാപാത്രം ചെയ്യുമ്പോളുണ്ടാകുന്ന സന്തോഷവും ഏറെ വലുതാണ്. ചിത്രകലാധ്യാപകനായി ഏതെങ്കിലും സ്‌കൂളില്‍ ഒതുങ്ങേണ്ട ജീവിതമായിരുന്നു എന്റേത്. ആ എന്നെ മലയാളികളുടെ മുന്നിലെത്തിച്ചത് മിമിക്രിയെന്ന കലയാണ്.

പ്രഗത്ഭരും പ്രശസ്തരുമായ കലാകാരന്മാര്‍ക്കൊപ്പം മുപ്പത്തിയഞ്ചോളം സിനിമകളില്‍ മൂവായിരത്തോളം വേദികളില്‍ ഇതിനകം പരിപാടി അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിട്ടുണ്ട്. സ്റ്റേജ് ഷോകളില്‍ സജീവമായ കാലത്ത് മുപ്പത് ഷോയാണ് ഒരു മാസം ചെയ്തിരുന്നത്. അതെല്ലാം മാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്തവയായിരിക്കും.

പലപ്പോഴും അതിനിടയിലായിരിക്കും സിനിമയില്‍ നിന്നും അവസരങ്ങള്‍ വരുന്നത്. ഏറ്റെടുത്ത പരിപാടി ക്യാന്‍സല്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ നല്ല അവസരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി പ്രോഗ്രാം ക്യാന്‍സല്‍ ചെയ്ത് കാത്തിരുന്നിട്ടും ആ സിനിമ നഷ്ടമായിട്ടുമുണ്ട്,’ കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Kottayam Nazeer Talks About Enthiran Movie Dubbing