കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അപകടം നടന്നിട്ടും നിരുത്തരവാദപരമായ സമീപനമാണ് മന്ത്രിമാര്‍ സ്വീകരിച്ചതെന്നും രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥലത്ത് അതു ചെയ്യാന്‍ അനുവദിക്കാതെ ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെ കുറിച്ച് പ്രസംഗിക്കുകയാണ് മന്ത്രി ചെയ്തതെന്നും പ്രതിപക്ഷ നേതാവ് നേതാവ് വിമര്‍ശിച്ചു.
ചാണ്ടി ഉമ്മന്‍ എം.എല്‍.എ ബഹളമുണ്ടാക്കിയതിന് ശേഷം മാത്രമാണ് അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപ്പോഴേക്കും രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ബിന്ദുവിന്റെ കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ
സര്‍ക്കാന്റെ ഭാഗത്ത് നിന്നും ഒരാള്‍ പോലും തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഗുരുതര ആരോഗ്യ പ്രശ്നമുള്ള മകളുടെ സര്‍ജറിയുമായി ബന്ധപ്പെട്ടാണ് ആ അമ്മ ആശുപത്രിയില്‍ എത്തിയത്. ആദ്യ ശമ്പളവുമായി മകന്‍ എത്തിയപ്പോഴാണ് അമ്മ മരിച്ചത്. വീട് പണി പോലും പൂര്‍ത്തിയായിട്ടില്ല. ആ കുടുംബത്തിന് 25 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. കുട്ടിയുടെ ചികിത്സ ഏറ്റെടുക്കാനും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തയാറാകണം,’ വി.ഡി. സതീശന്‍ പറഞ്ഞു.
ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ആരോഗ്യകേരളത്തെ മന്ത്രി വെന്റിലേറ്ററിലാക്കിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. അവര്‍ക്ക് പി.ആര്‍ പ്രൊപ്പഗണ്ട മാത്രമെയുള്ളൂ. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നോ നൂലോ പഞ്ഞിയോ ഇല്ലാത്ത അവസ്ഥയാണ്. മരുന്ന് വിതരണക്കാര്‍ക്ക് കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയതിനാല്‍ മരുന്ന് വിതരണം നിലച്ചു.
പാവപ്പെട്ടവന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചെല്ലുമ്പോള്‍ പുറത്തേക്ക് മരുന്ന് എഴുതിക്കൊടുക്കുന്നത് എവിടുത്തെ ഏര്‍പ്പാടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അങ്ങനെയെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ ആശുപത്രി? മന്ത്രി ഇപ്പോഴും റിപ്പോര്‍ട്ട് തേടിക്കൊണ്ടിരിക്കുകയാണ്. ആ റിപ്പോര്‍ട്ടുകളെല്ലാം ചേര്‍ത്ത് വച്ചാല്‍ ഏഴെട്ട് വോള്യമുള്ള പുസ്തകങ്ങള്‍ ഇറക്കാം.
പി.ആര്‍ പ്രൊപ്പഗണ്ടയും വാചകമടിയും അല്ലാതെ ഒന്നും നടക്കുന്നില്ല. എല്ലാ പകര്‍ച്ചവ്യാധികളും കേരളത്തിലുണ്ട്. മരണനിരക്കും വര്‍ധിച്ചു. അതൊക്കെ പഠിക്കാന്‍ പോലും അവര്‍ തയാറാകുന്നില്ല. പി.ആര്‍ ഏജന്‍സി പറയുന്നത് ഏറ്റ് പറയുന്നതല്ലാതെ ഒരു ഗവേണന്‍സും ഇല്ല. സര്‍ക്കാര്‍ ഇല്ലായ്മയെന്ന അവസ്ഥയാണ് ജനം അനുഭവിക്കുന്നതെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.
ആവശ്യമില്ലാത്ത പല സാധനങ്ങളും ആശുപത്രികളില്‍ വാങ്ങി വെച്ചിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്ത സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിലും സര്‍ക്കാരിന് ഉത്തരവാദിത്തമില്ല.
യു.ഡി.എഫും കോണ്‍ഗ്രസും സമരവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യമന്ത്രി രാജിവച്ച് പുറത്തു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി മൗനത്തിലാണ്. ആവശ്യമുള്ള സമയത്ത് മിണ്ടാതിരിക്കുകയെന്ന കൗശലം അദ്ദേഹം പുറത്തെടുത്തിരിക്കുകയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
Content Highlight: Kottayam Medical College building collapse; The minister gave a speech at the accident site about the achievements of the health department without allowing rescue operations: V.D. Satheesan