കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം; മരണത്തിന്റെ ഉത്തരവാദി വീണ ജോര്‍ജെന്ന് പ്രതിപക്ഷ നേതാവ്
Kottayam Medical College building collapse
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം; മരണത്തിന്റെ ഉത്തരവാദി വീണ ജോര്‍ജെന്ന് പ്രതിപക്ഷ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd July 2025, 6:54 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഉത്തരവാദി ആരോഗ്യമന്ത്രി വീണ ജോര്‍ജാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആളില്ലാത്ത കെട്ടിടമാണ് മന്ത്രിമാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രി ഗുരുതരമായ തെറ്റാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞുകൊടുത്തത് ഒരു വാക്ക് പോലും മാറ്റാതെ പറയുകയല്ല മന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇന്ന് കൂടി ഉപയോഗിച്ച കെട്ടിടത്തെക്കുറിച്ചാണ് മന്ത്രി ഉപയോഗിക്കാത്ത കെട്ടിടമെന്ന് പറഞ്ഞതെന്നും അത് ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് എന്തടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണ് ആരോഗ്യമന്ത്രിയെന്നും മന്ത്രി രാജിവെച്ച് ഇറങ്ങി പോകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം അപകടം നടന്ന മെഡിക്കല്‍ കോളേജ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എന്നാല്‍ ആശുപത്രിക്ക് സമീപത്തുവെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരിങ്കൊടി കാണിച്ചു. വിവിധയിടങ്ങളില്‍ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിക്കുന്നുണ്ട്.

കെട്ടിടം തകര്‍ന്ന വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ബിന്ദുവിനെ കണ്ടെത്തിയത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണ് മരണപ്പെട്ടത്.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബിന്ദുവിനെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒന്നരമണിക്കൂറാണ് ബിന്ദു കുടുങ്ങിക്കിടന്നത്. കെട്ടിടത്തില്‍ ആരുമുണ്ടായിരുന്നില്ലെന്ന് മന്ത്രി വി. എന്‍. വാസവനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പറഞ്ഞതിന് പിന്നാലെയായിരുന്നു ബിന്ദുവിനെ കണ്ടെത്തിയത്.

ജൂലൈ ഒന്നിന് മകളുടെ ചികിത്സാര്‍ത്ഥമാണ് ബിന്ദു ആശുപത്രിയിലെത്തിയത്. മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബിന്ദുവിന്റെ കൂടെ ഭര്‍ത്താവ് വിശ്രുതനും ആശുപത്രിയിലുണ്ടായിരുന്നു. ഇദ്ദേഹമാണ് ഭാര്യയെ കാണാന്‍ ഇല്ലെന്ന് പരാതിപ്പെട്ടത്.

Content Highlight: Kottayam Medical College building collapse; Opposition leader says Veena George is responsible for the death