കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ആരോഗ്യമന്ത്രി പറഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കെന്ന്‌ ആശുപത്രി സൂപ്രണ്ട്
Kottayam Medical College building collapse
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ആരോഗ്യമന്ത്രി പറഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കെന്ന്‌ ആശുപത്രി സൂപ്രണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd July 2025, 10:00 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആശുപത്രി സൂപ്രണ്ട്. കെട്ടിടത്തില്‍ ആരും അകപ്പെട്ടിട്ടില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് ആശുപത്രി സൂപ്രണ്ട് ജയകുമാര്‍ പറഞ്ഞു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

താനാണ് സംഭവസ്ഥലത്ത് ആദ്യം എത്തിയതെന്നും പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും അകപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കുട്ടിയുടെ അമ്മയെ കാണാന്‍ ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാഷ്വാലിറ്റിയില്‍ നിന്ന് അവരെ കണ്ടെത്തിയെന്ന വിവരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

തെരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മന്ത്രിമാരുടെ സംഘം എത്തിയപ്പോള്‍ വിവരങ്ങള്‍ കൈമാറിയത് താന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെട്ടിടം പഴക്കമുള്ളതായിരുന്നെങ്കിലും എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുക സാധ്യമായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

ആശുപത്രി കെട്ടിടം ശൗചാലയത്തിനും മറ്റുമായി ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും കെട്ടിടം തുറന്ന് കൊടുക്കുകയായിരുന്നെന്നും ജയകുമാര്‍ പറഞ്ഞു.

അതേസമയം കെട്ടിടം തകര്‍ന്ന വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ബിന്ദുവിനെ കണ്ടെത്തിയത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു. ബിന്ദുവിനെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒന്നരമണിക്കൂറാണ് ബിന്ദു കുടുങ്ങിക്കിടന്നത്. കെട്ടിടത്തില്‍ ആരുമുണ്ടായിരുന്നില്ലെന്ന് മന്ത്രി വി. എന്‍. വാസവനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പറഞ്ഞതിന് പിന്നാലെയായിരുന്നു ബിന്ദുവിനെ കണ്ടെത്തിയത്.

കൂടുതല്‍ ആളുകള്‍ ആ അപകടത്തില്‍ അകപ്പെട്ടിട്ടില്ലായെന്നും രണ്ട് ആളുകള്‍ക്ക് നിസാരമായി പരിക്ക് ഉണ്ടായിട്ടുള്ളു എന്നായിരുന്നു മന്ത്രി തുടക്കത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

Content Highlight: Kottayam Medical College accident; Hospital superintendent says he takes full responsibility for what the Health Minister said