കോട്ടയം മെഡിക്കല്‍ കോളേജ്‌ അപകടം; ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
Kottayam Medical College building collapse
കോട്ടയം മെഡിക്കല്‍ കോളേജ്‌ അപകടം; ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 12:15 pm

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തില്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പത്തം ലക്ഷം രൂപധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ കുടുംബത്തിന് വീട് നിര്‍മിച്ച് കൊടുക്കാനും മകന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. കോട്ടയം കലക്ടര്‍ ജോണ്‍.വി. സാമുവല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍ തന്നെ മന്ത്രി വി.എന്‍. വാസവന്‍ സര്‍ക്കാര്‍ കുടുംബത്തിന്റെ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.

കുടുംബത്തിന് അടിയന്തര സഹായമായി 50,000 രൂപയും സന്ദര്‍ശന സമയത്ത് മന്ത്രി കൈമാറി. കുടുംബത്തിനുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മന്ത്രി കലക്ടറെ ഏല്‍പ്പിക്കുകയായിരുന്നു. മന്ത്രിസഭ കൂടിയാലോചനയ്ക്ക് ശേഷം കുടുംബത്തിനുള്ള സഹായങ്ങള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

പ്രധാനപ്പെട്ട നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സ ചെലവും മകന് ജോലി വേണമെന്ന ആവശ്യവുമാണ് പ്രധാനമായും കുടുംബം ഉന്നയിച്ചത്‌.

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരണപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മകള്‍ നവമിയുടെ കൂട്ടിരിപ്പിനായി ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. 14ാം വാര്‍ഡിന്റെ ബാത്ത് റൂം ഉള്‍പ്പടെയുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്.

Content Highlight: Kottayam Medical College accident; Government announces Rs 10 lakh financial assistance to Bindu’s family