ഗുണ്ടാ നേതാവിന് അംഗത്വം നല്‍കി കോട്ടയം ബി.ജെ.പി നേതൃത്വം; വിവാദമായതോടെ പിന്‍മാറ്റം
Kerala News
ഗുണ്ടാ നേതാവിന് അംഗത്വം നല്‍കി കോട്ടയം ബി.ജെ.പി നേതൃത്വം; വിവാദമായതോടെ പിന്‍മാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th November 2023, 1:41 pm

കോട്ടയം: ഗുണ്ടാ നേതാവിന് പാര്‍ട്ടി അംഗത്വം നല്‍കിയ നടപടി പിന്‍വലിച്ച് ബി.ജെ.പി കോട്ടയം ജില്ലാ നേതൃത്വം. കഴിഞ്ഞ ദിവസമാണ് നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിന് ബി.ജെ.പി അംഗത്വം നല്‍കിയത്. സംഭവം വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് ഇപ്പോര്‍ മെമ്പര്‍ഷിപ്പ് റദ്ദാക്കിയിരിക്കുന്നത്.

കൊലക്കേസിലടക്കം പ്രതിയായ അലോട്ടി ജെയ്സ് മോനാണ് ബി.ജെ.പി കഴിഞ്ഞ ദിവസം അംഗത്വം നല്‍കിയത്. സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു നയിക്കുന്ന ജാഥയുടെ ഭാഗമായി ആര്‍പ്പൂക്കരയില്‍ നടന്ന പരിപാടിയിലായിരുന്നു ഇയാള്‍ക്ക് ബി.ജെ.പി മെമ്പര്‍ഷിപ്പ് നല്‍കിയത്.

കാപ്പ കേസ്, വധശ്രമം, അടിപിടി, ലഹരി കേസുകള്‍ എന്നിവയില്‍ പ്രതിയായ ഇയാള്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ സാമൂഹിക വിരുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തി കൂടിയായിരുന്നു. ഇയാള്‍ക്കൊപ്പം സംഘങ്ങളായ വിഷ്ണു ദത്ത്, സൂര്യദത്ത് എന്നിവര്‍ക്കും അംഗത്വം നല്‍കിയിരുന്നു.

എന്നാല്‍ ഗുണ്ടാ നേതാവിന് അംഗത്വം നല്‍കിയത് വിവാദമായതോടെ അഗത്വം റദ്ദാക്കിയതായി ബി.ജെ.പി അറിയിച്ചു. ജെയ്സ്മോന്‍ ഗുണ്ടാ നേതാവാണെന്ന് അറിയില്ലെന്നാണ് അംഗത്വം റദ്ദാക്കിക്കൊണ്ട് ബി.ജെ.പി നല്‍കുന്ന വിശദീകരണം.

content highlight : Kottayam BJP gives membership to criminal leader; Withdrawal due to controversy