സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, പൊലീസ് എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.
നിലവില്‍ സ്‌കൂളിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെ.എസ്.യു, എം.എസ്.എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളും യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി, ആര്‍.എസ്.പി പ്രവര്‍ത്തകരും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
അപകടം ഭരണകൂട സംവിധാനത്തിന്റെ പിഴവാണെന്നും വലിയ അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നതെന്നും നടപടിയെടുക്കണമെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
20 വര്‍ഷത്തോളമായി സ്‌കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ഉയര്‍ത്തിക്കെട്ടാന്‍ കെ.എസ്.ഇ.ബിയോ ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.
ഇന്ന് (വ്യാഴം) രാവിലെയാണ് അപകടം ഉണ്ടായത്. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്.
ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിലേക്കാണ് കുട്ടി കയറാന്‍ ശ്രമിച്ചത്. ഈ ഷെഡിന്റെ സമീപത്തുകൂടിയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. ചെരുപ്പെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷം ഷെഡിന് മുകളിലേക്ക് കയറിയ കുട്ടിക്ക് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
എന്നാല്‍ വൈദ്യുതി ലൈനിന് കീഴിലായി എന്തെങ്കിലും നിര്‍മിക്കുന്നുണ്ടെങ്കില്‍ അത് കെ.എസ്.ഇ.ബിയുടെ അനുമതിയോടെയാകണമെന്നാണ് കെ.എസ്.ഇ.ബി സബ് എഞ്ചിനീയറുടെ പ്രതികരണം.
അതേസമയം വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചിരുന്നു. കൂടാതെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയിരുന്നു.
Content Highlight: Student dies of shock at school; Police register case