കൊല്ലം: തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മാനേജറെ അയോഗ്യനാക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്നുണ്ട്. സ്കൂളിലെ അപകടത്തിൽ വ്യക്തമായ മറുപടി നൽകുന്നതിൽ മാനേജർ പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ കെ.ഇ.ആര്‍ ചാപ്റ്റര്‍ മൂന്ന് (9) പ്രകാരമുള്ള കടമകള്‍ നിര്‍വഹിക്കാത്തതില്‍ വകുപ്പ് ഏഴ് പ്രകാരം മാനേജർ ആർ. തുളസീധരൻ പിള്ളയെ ആയോഗ്യനാക്കിയെന്നാണ് മന്ത്രി അറിയിച്ചത്.
നടപടിക്ക് പിന്നാലെ സ്‌കൂളിന്റെ താത്കാലിക മാനേജരായി കൊല്ലം വിദ്യാഭ്യാസ ഓഫീസറെ നിയമിക്കുകയും ചെയ്തു. മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ചായിരിക്കും സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സേഫ്റ്റി സെല്‍ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ വീഴച്ചകള്‍ പൊതുജനങ്ങള്‍ക്ക് വിളിച്ചറിയാക്കാമെന്നും മന്ത്രി പറഞ്ഞു.
മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് കെ.എസ്.ഇ.ബിയും കെ.എസ്.ടി.എയും 10 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. മിഥുന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. നിലവിലെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജൂലൈ 31ന് ഉന്നതതല യോഗം വീണ്ടും ചേരുമെന്നും മന്ത്രി അറിയിച്ചു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ (13) ആണ് ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്.
ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിലേക്കാണ് കുട്ടി കയറാന്‍ ശ്രമിച്ചത്. ഈ ഷെഡിന്റെ സമീപത്തുകൂടിയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. ചെരുപ്പെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷം ഷെഡിന് മുകളിലേക്ക് കയറിയ കുട്ടിക്ക് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
Content Highlight: Student dies shock in kollam; School management dismissed