കൊല്‍ക്കത്ത: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി പങ്കെടുത്ത സാള്‍ട് ലേക്ക് സ്റ്റേഡിയത്തിലെ ചടങ്ങ് അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കായികമന്ത്രി രാജിവെച്ചു. മന്ത്രി അരൂപ് ബിശ്വാസിന്റെ രാജി മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചു. കായിക വകുപ്പിന്റെ ചുമതലയും മമത ഏറ്റെടുത്തെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുണാല്‍ ഘോഷ് അറിയിച്ചു.
മുഖ്യമന്ത്രി യുവജനകാര്യ കായിക വകുപ്പിന്റെ ചുമതല അരൂപില്‍ നിന്നും ഏറ്റെടുത്തെന്നും ഇത് താത്കാലികമാണെന്നും തൃണമൂല്‍ വക്താവ് പ്രതികരിച്ചു.
സുരക്ഷാ വീഴ്ച കാരണം ആരാധകര്‍ തിക്കും തിരക്കുമുണ്ടാക്കുകയും സ്‌റ്റേഡിയമുള്‍പ്പടെ തകര്‍ക്കുകയും ചെയ്തിരുന്നു. മെസിക്ക് നേരെ കുപ്പിയേറുള്‍പ്പടെയുള്ള അതിക്രമങ്ങളുണ്ടായത് സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മമതയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മന്ത്രിയുടെ രാജി തീരുമാനം.
വിഷയത്തില്‍ സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തുമെന്ന് തൃണമൂല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് തൃണമൂലിലെ മമതയുടെ ഏറ്റവും വിശ്വസ്തനും ശക്തനായ നേതാവുമായ അരൂപ് ബിശ്വാസ് രാജി വെച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണ് തൃണമൂലിന്റെ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്കായി മമതയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
കൊല്‍ക്കത്തയിലെ ഗോട്ട് ടൂറിനിടെ മെസിയും പശ്ചിമ ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസും Photo: ANI/x.com
വിഷയത്തില്‍ കടുത്ത നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സംഭവത്തില്‍ റിട്ട.ജസ്റ്റിസ് അസിം കുമാര്‍ റോയ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ബിധാന്‍നഗര്‍ പൊലീസ് തലവനെയും ഡി.സി.പി അനീഷ് സര്‍ക്കാറിനെയും കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക് നോട്ടീസും നല്‍കി.
അതേസമയം, മെസിയുടെ ഇന്ത്യാ ടൂറിന്റെ ഭാഗമായി ആദ്യമെത്തിയ കൊല്‍ക്കത്തയിലെ സ്‌റ്റേഡിയത്തില്‍ അദ്ദേഹം ആകെ ചെലവഴിച്ചത് 20 മിനിറ്റായിരുന്നു.
ഇതോടെ, ഒരു ടിക്കറ്റിന് 15000ലേറെ രൂപ നല്‍കി എത്തിയ ഫുട്‌ബോള്‍ ആരാധകര്‍ പ്രകോപിതരാവുകയും സ്റ്റേഡിയത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.