2026 ഐപിഎല്ലില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിലാണ് ഗ്രീന്‍ ഈ സീസണിലെ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി നേടി കരുത്തുകാട്ടിയത്. 55 പന്തില്‍ 79 റണ്‍സ് നേടിയാണ് ഗ്രീന്‍ തിളങ്ങിയത്. ഏഴ് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രീന്‍ നേടിയ ഒരു പടുകൂറ്റന്‍ സിക്സും ഏറെ ശ്രദ്ധേയമായി. ഗ്രീന്‍ നേടിയ ഒരു സിക്‌സര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ടാറ്റ സിയറ കാറിനുള്ളിലേക്ക് കയറുകയായിരുന്നു. അശോക് ശര്‍മ എറിഞ്ഞ 12ാം ഓവറിലെ നാലാം പന്താണ് ഗ്രീന്‍ കാറിനുള്ളിലേക്ക് അടിച്ചുകയറ്റിയത്.
കൊല്‍ക്കത്ത ഈ സീസണില്‍ 25.20 കോടി രൂപക്ക് ടീമിലെത്തിച്ച ഗ്രീന്‍ ഇതിന് മുമ്പ് നിരാശാജനകമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചിരുന്നത്. ഈ സീസണിലെ ഏറ്റവും വിലയേറിയ താരം കൂടിയായ ഗ്രീന്‍ ഗുജറാത്തിനെതിരെയുള്ള മത്സരത്തിന് മുമ്പ് കളിച്ച അഞ്ച് മത്സരങ്ങളില്‍ 56 റണ്‍സ് മാത്രമാണ് നേടിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെതിരെ 24 പന്തില്‍ പുറത്താവാതെ നേടിയ 32 റണ്‍സായിരുന്നു ഇതിന് മുമ്പ് ഗ്രീനിന്റെ ഉയര്‍ന്ന സ്‌കോര്‍.
മുംബൈ ഇന്ത്യന്‍സിനെതിരെ പത്ത് പന്തില്‍ 18, സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ രണ്ട് പന്തില്‍ രണ്ട്, പഞ്ചാബ് കിങ്സിനെതിരെ നാല്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പൂജ്യം എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. എന്നാല്‍ ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ ഒരു വമ്പന്‍ തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സിന് പുറത്തായി. 27 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ മികച്ച ചെറുത്തുനില്‍പ്പ് നടത്തി. പവര്‍പ്ലേ പിന്നിടും മുമ്പേ കൊല്‍ക്കത്തക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ടിം സീഫര്‍ട്ട്(19), അജിങ്ക്യ രഹാനെ(0), അംഗ്രിഷ് രഘുവംശി(8) എന്നിവരെയാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. എന്നാല്‍ റോവ്മന്‍ പവലും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു.
ഗുജറാത്ത് ബൗളിങ്ങില്‍ കഗിസോ റബാദ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ്, അശോക് ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. പ്രസിദ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.