
ന്യൂദല്‍ഹി: കോഹിനൂര്‍ രത്‌നത്തിന്റെ ഉടമസ്ഥാവാകാശം സംബന്ധിച്ച് അവകാശവാദത്തിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്നും മഹാരാജ രഞ്ജിത്ത് സിംഗ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതാണെന്നും സോളിസിറ്റര്‍ ജനറലാണ് കോടതിയെ അറിയിച്ചത്.
ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതെന്ന് ആരോപിക്കുന്ന കോഹിനൂര്‍ രത്‌നം തിരികെ ആവശ്യപ്പെടാനാകില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം മഹാരാജ രഞ്ജിത് സിങ്, ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സമ്മാനിച്ചതാണ് ഈ 105 കാരറ്റിന്റെ രത്‌നമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
കോഹിനൂര്‍ രത്‌നം തിരിച്ചു കൊണ്ടുവരാന്‍ ബ്രിട്ടനിലെ ഹൈക്കമീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് സംഘടന ഫയല്‍ ചെയ്ത പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
കോഹിനൂറും ടിപ്പു സുല്‍ത്താന്റെ വാളും മോതിരവും ഉള്‍പ്പെടെ ഭാരതത്തില്‍ നിന്ന് ബ്രിട്ടീഷുകാര്‍ കൊണ്ടുപോയ അമൂല്യവസ്തുക്കള്‍ തിരികെ എത്തിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ കോഹിനൂര്‍ മോഷ്ടിച്ചതോ, പിടിച്ചെടുത്തതോ അല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കോഹിനൂര്‍ രത്‌നത്തെ ചൊല്ലിയുള്ള കേസ് ഉപേക്ഷിക്കണോ എന്നും രത്‌നം ആവശ്യപ്പെടുന്നത് ഭാവിയില്‍ നിയമപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. മുഗള്‍ ഭരണ കാലത്ത് ടിപ്പുസുല്‍ത്താനില്‍ നിന്നും കൈമാറി വന്ന രത്‌നം വൈദേശിക അധിനിവേശ കാലത്താണ് ബ്രിട്ടനിലത്തെിയത്.
1850ല്‍ ബ്രിട്ടീഷ് സൈന്യം പഞ്ചാബ് കീഴടക്കിയപ്പോള്‍ വിക്ടോറിയ രാജ്ഞിക്ക്് അന്ന് പഞ്ചാബ് രാജാവായിരുന്ന മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണ് കോഹിനൂര്‍ രത്‌നം.
നേരത്തെ കോഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ഇക്കാര്യത്തില്‍ ആറാഴ്ച്ചക്കകം നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പാകിസ്താനും ബംഗ്‌ളാദേശും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേസില്‍ വിദേശമന്ത്രാലയത്തിന്റെ നിലപാട് ഇതുവരെ സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല.
