എസ്.എഫ്.ഐ സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയല്ലെന്ന് ആവര്‍ത്തിക്കുന്നു; ബി.ആര്‍.പി ഭാസ്‌കറിന് കോടിയേരിയുടെ മറുപടി
kERALA NEWS
എസ്.എഫ്.ഐ സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയല്ലെന്ന് ആവര്‍ത്തിക്കുന്നു; ബി.ആര്‍.പി ഭാസ്‌കറിന് കോടിയേരിയുടെ മറുപടി
ന്യൂസ് ഡെസ്‌ക്
Friday, 19th July 2019, 8:15 am

കോഴിക്കോട്: എസ്.എഫ്.ഐ സ്വതന്ത്ര സംഘടനയെന്ന് ആവര്‍ത്തിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ പോഷകസംഘടനയാണെന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ വാദം ശരിയല്ലെന്നും ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു.

‘കോടിയേരി അവകാശപ്പെടുന്നതുപോലെ എസ്.എഫ്.ഐ സ്വതന്ത്ര സംഘടനയല്ല, പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പോഷകസംഘടനയാണ് എന്നാണ് ബി.ആര്‍.പിയുടെ മറ്റൊരു നിഗമനം. എസ്.എഫ്.ഐ സ്വതന്ത്രസംഘടനയാണെന്ന വസ്തുത സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു. സി.പി.ഐ.എമ്മിന്റെ പോഷകസംഘടനയല്ല എസ്.എഫ്.ഐ. തൊഴിലാളികളുടെ സംഘടനയായ സി.ഐ.ടി.യു ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകള്‍ ഒന്നും പാര്‍ടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജനസംഘടനകളാണ്.’

വിദ്യാര്‍ഥിജീവിത കാലഘട്ടത്തില്‍ പഠനത്തിന് മുന്‍ഗണന നല്‍കണമെന്നതാണ് സി.പി.ഐ.എം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാവിദ്യാര്‍ഥികളായി വളരാനുമുള്ള ശൈലിയാണ് സി.പി.ഐ.എമ്മിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് എസ്.എഫ്.ഐ നേതൃത്വം. എസ്.എഫ്.ഐ പ്രവര്‍ത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികള്‍ സ്വന്തം പ്രവര്‍ത്തകരെ ആക്രമിച്ചത്.’

അതേസമയം ഇവരെ ആക്രമണകാരികളാക്കിയത് പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ഇദ്ദേഹത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് ബോധ്യമാകുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബി.ആര്‍.പി ഭാസ്‌കര്‍ മലയാള മനോരമയിലെഴുതിയ ലേഖനത്തില്‍ സി.പി.ഐ.എമ്മിനേയും എസ്.എഫ്.ഐയും വിമര്‍ശിച്ചിരുന്നു.

WATCH THIS VIDEO: