മതനിരപേക്ഷ വാദിയായി മരണം വരെ തുടരും; വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടി ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്; വിശദീകരണവുമായി ഷെജിന്‍
Kerala News
മതനിരപേക്ഷ വാദിയായി മരണം വരെ തുടരും; വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടി ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്; വിശദീകരണവുമായി ഷെജിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2022, 9:25 pm

ആലപ്പുഴ: മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷെജിന്‍. താനും ജോയ്‌സ്‌നയും ആലപ്പുഴയിലെ തന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ ഷെജിന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയും നല്‍കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷെജിന്റെ പ്രതികരണം.

‘പ്രിയപ്പെട്ടവരേ. ഞാനും ജോയ്‌സ്‌നയും ആലപ്പുഴയിലെ എന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത് (ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല).

പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ്. തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ജീവിതത്തില്‍ ഇത്രയും നാള്‍ സ്വീകരിച്ചത്.ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുകയും ചെയ്യും.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ, വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, ഞങ്ങളെ
സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് എല്ലാവരോടും വിനീതമായി അപേക്ഷിക്കുകയാണ്,’ ഷെജിന്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, കോടഞ്ചേരിയില്‍ ജോയ്സ്‌നയുടെ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പെണ്‍കുട്ടിയെ എസ്.ഡി.പി.ഐ കേന്ദ്രങ്ങളിലാണോ പാര്‍പ്പിച്ചിരിക്കുന്നത് എന്ന് സംശയിക്കുന്നതായി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യമെങ്കില്‍ അതിന് പിന്തുണ നല്‍കും. തെയ്യപ്പാറ സെന്റ് തോമസ് പള്ളി വികാരിയുമായും താമരശേരി ബിഷപ്പ് റെമജീയോസ് ഇഞ്ചനാനിയിലുമായും സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി.