കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി എന്ന എ.കെ സുനില്‍കുമാര്‍ പഴയകാല ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. പണ്ട് ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ച ഇയാള്‍ പിന്നീട് അതുപേക്ഷിച്ച് സി.പി.ഐ.എമ്മില്‍ ചേരുകയായിരുന്നു.
കൊടിസുനിയെ ചോദ്യം ചെയ്യുന്നതിലൂടെ ചന്ദ്രശേഖരന്‍ വധത്തിനു പുറമെ കണ്ണൂര്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചുരുള്‍ അഴിയുമെന്നാണ് സൂചന. 2000 മുതല്‍ 2009 വരെ കൊലപാകവും വധശ്രമവും ഉള്‍പ്പെടെ മൊത്തം 29 കേസുകളാണ് സുനിക്കെതിരെയുള്ളത്. 18 കേസുകളില്‍ കോടതി നടപടി പൂര്‍ത്തിയാക്കി. കൊലപാതകമുള്‍പ്പെടെ 11 കേസുകളാണ് ഇനി നിലവിലുള്ളത്.
പോലീസിന്റെ രേഖകളിലെല്ലാം പള്ളൂര്‍ സ്വദേശി മീത്തലെ ചാലില്‍ സുനില്‍കുമാര്‍ കൊടി സുനിയാണ്. ബന്ധുവായൊരു സ്ത്രീ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടി ഇളക്കിമാറ്റി സി.പി.എം.കൊടി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് സുനിയുടെ വീട്ടുകാര്‍ക്ക് “കൊടി” എന്ന ഇരട്ടപ്പേര് വീണത്.
പള്ളൂരിലെ ദരിദ്ര കുടുംബത്തിലാണ് കൊടി സുനിയുടെ ജനനം. ചീട്ടുകളിക്ക് കാവല്‍നിന്നാണ് തുടക്കം. പോലീസിനെ നിരീക്ഷിക്കുകയും കളിക്കിടെ കുഴപ്പമുണ്ടാക്കുന്നവരെ നിയന്ത്രിക്കുകയുമായിരുന്നു ജോലി. തല്ലുകേസുകളില്‍ നിന്നാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ തുടക്കമിട്ടത്.
പാര്‍ട്ടി നല്‍കുന്ന ക്വട്ടേഷനുകള്‍ക്ക് പുറമെ ബ്ലേഡ് മാഫിയ, വാഹന മാഫിയ എന്നിവര്‍ക്കുവേണ്ടിയും രംഗത്തിറങ്ങി. അടവില്‍ വീഴ്ചവരുത്തുന്നവരില്‍നിന്ന് പണം പിരിച്ചെടുത്ത് നല്‍കി കമ്മീഷന്‍ പറ്റി. മാഹിയില്‍ ചൂതാട്ടം നിരോധിച്ചതോടെ കളിക്കാന്‍ താത്പര്യമുള്ളവരെ മൊബൈല്‍ ഫോണില്‍ വിളിച്ച് വാഹനത്തില്‍ സുരക്ഷിതമായി എത്തിച്ച് ചൂതാട്ടം നടത്തിപ്പോന്നിരുന്നു.
ഗുണ്ടാ പണിയില്‍ നിന്നും മറ്റും പണം ലഭിച്ചതോടെ ചൊക്ലി നിടുമ്പ്രത്ത് വീട് പണിതു. മാഹിയിലെ ബി.ജെ.പി. പ്രവര്‍ത്തകരുടെ കൊലപാതകത്തിനുശേഷം ചൊക്ലി ടൗണായിരുന്നു കൊടി സുനിയുടെ താവളം. ഇവിടെ സി.ഐ.ടി.യു. യൂണിയനുകീഴില്‍ ചുമട്ടുതൊഴിലാളിയായിട്ടായിരുന്നു പ്രവര്‍ത്തനം.വിവാഹം കഴിച്ചിട്ടില്ല.
മാഹി പന്തക്കല്‍ പന്തോക്കാട്ടെ മനോജ് കിണ്ണത്തപ്പം ഉണ്ടാക്കി വിറ്റിരുന്ന കാലത്ത് ലഭിച്ച വിളിപ്പേരാണ് “കിര്‍മാണി”. കിണ്ണത്തപ്പം ഉണ്ടാക്കി വിറ്റ് ജീവിതം തുടങ്ങിയ കിര്‍മാണി മനോജ് പിന്നീട് കശുവണ്ടിക്കമ്പനിയില്‍ ലോഡിങ് തൊഴിലാളിയായി. കുറുക്കന്‍ രാജീവന്റെ സംഘത്തില്‍ ചേര്‍ന്നതോടെയാണ് അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. പിന്നീട് സംഘത്തിന്റെ നേതാവായി. മാഹി, പന്തക്കല്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പാര്‍ട്ടി ക്വട്ടേഷന് പുറമെ ബാറുകള്‍ക്ക് സംരക്ഷണം നല്‍കുന്ന പണിയും ചെയ്തിരുന്നു.
Malayalam News
Kerala News in English
