കോഴിക്കോട്: കോടഞ്ചേരിയില്‍ പ്രണയവിവാഹവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ കലക്ടര്‍ പി.ബി സലീമിന്ഞറെ നേതൃത്വത്തില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ചയിലൂടെ പരിഹരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ മകനും കൊടുവളളി സ്വദേശിനിയുമായുള്ള പ്രണയ വിവാഹം കോടഞ്ചേരിയില്‍ ചില അക്രമസംഭവങ്ങള്‍ക്കിടയാക്കിയിരുന്നു.
പ്രശ്‌നത്തെ തുടര്‍ന്ന് യു.ഡി.എഫ് കഴിഞ്ഞ ദിവസം കോടഞ്ചേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച കലക്ടര്‍ ചര്‍ച്ച വിളിച്ചുകൂട്ടിയത്. കലക്ട്രേറ്റില്‍ യുവാവിന്റെയും യുവതിയുടേയും ബന്ധുക്കളുമായി നടന്ന ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിച്ചത്.
ഇവരെ സമാധാനപരമായി ഒന്നിച്ചുജിവിക്കാന്‍ അനുവദിക്കണമെന്നും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകരുതെന്നും കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് ഇരു കുടുംബങ്ങളും അംഗീകരിച്ചു.മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനും നാടിന് കളങ്കമുണ്ടാകുന്ന നടപടികളില്‍ നിന്ന് പിന്‍മാറാനും എല്ലാവരും തയ്യാറാവണം. ഇരു വീട്ടുകാരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്, പ്രായപൂര്‍ത്തിയായ യുവതിക്കും യുവാവിനും വിവാഹം കഴിക്കാന്‍ ഭരണഘടനസ്വാതന്ത്യം നല്‍കുന്നുണ്ടെന്നും ഇതനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ഇനി പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് ബന്ധുക്കളും ഉറപ്പുനല്‍കി.
എന്നാല്‍ ഇരുവരും വിവാഹിതരായതിന്റെ പേരില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തുടരും. തിരുവമ്പാടി എം.എല്‍.എ സി.മോയിന്‍കുട്ടി, കൊടുവളളി എം.എല്‍.എ ഉമ്മര്‍മാസ്റ്റര്‍,കൊടുവളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസിയ ഇബ്രാഹിം, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, എഡിഎം കെ.പി രമാദേവി, വടകര റൂറല്‍ എസ്പി നീരജ്കുമാര്‍ ഗുപ്ത, സബ് കളക്ടര്‍ ടി.വി അനുപമ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വധൂവരന്മാരുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ മകന്‍ കൊടുവള്ളി സ്വദേശിനിയായ മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വാഹനങ്ങളിലെത്തിയ ഒരുസംഘം പ്രസിഡന്റിന്റെ വീട് ആക്രമിക്കുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അനുരഞ്ജന ചര്‍ച്ചക്കിടെ താമരശ്ശേരിയില്‍വെച്ച് ഐ.എന്‍.ടി.യു.സി ജില്ലാ വൈ. പ്രസിഡന്റ് കെ.എം. പൗലോസിനെയും മര്‍ദിച്ചിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം അസി. കലക്ടര്‍ അനുപമ താമരശ്ശേരി റസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ വെച്ചാണ് പൗലോസിന് മര്‍ദ്ദനമേറ്റിരുന്നത്.
പൗലോസിനെ മര്‍ദിച്ചതിന്റെ പേരില്‍ എ.പി. അബ്ദുല്‍ മജീദ് മാസ്റ്റര്‍, മുഹമ്മദ് സാഹിര്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന എട്ടുപേരുടെ പേരില്‍ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
കമിതാക്കള്‍ ഇരുവരും ആര്യസമാജം ഓഫീസില്‍പോയി ഹിന്ദുമതം സ്വീകരിച്ചാണ് വിവാഹിതരായത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് തീരുവനന്തപ്പുരംത്തു നിന്നും കസ്റ്റഡിയിലെടുത്ത് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ബന്ധുക്കളുടെ പോകാന്‍ വിസമ്മതിച്ച യുവതിയെ യുവാവിനോടൊപ്പം പോകാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. ഇതിനു ശേഷം യുവതിയെ അന്വേഷിച്ച് ഏതാനും പേര്‍ കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കി.
