കൊച്ചി കപ്പലപകടം; ഷിപ്പ് മാസ്റ്ററടക്കം അഞ്ച് പേരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് കോസ്റ്റല്‍ പൊലീസ്
Kerala News
കൊച്ചി കപ്പലപകടം; ഷിപ്പ് മാസ്റ്ററടക്കം അഞ്ച് പേരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് കോസ്റ്റല്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th June 2025, 12:48 pm

കൊച്ചി: കൊച്ചി തീരത്തിനകലെ അപകടത്തില്‍പ്പെട്ട എം.എസ്.സി എല്‍സ ത്രീ കപ്പലിനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. എം.എസ്.സി എല്‍സ ത്രീ കപ്പലിന്റെ നാവികരുടെ പാസ്‌പോര്‍ട്ടടക്കമുള്ള രേഖകള്‍ കോസ്റ്റല്‍ പൊലീസ് ആവശ്യപ്പെട്ടതായാണ് വിവരം.

ഷിപ്പ് മാസ്റ്റര്‍ അടക്കം അഞ്ച് പേരുടെ പാസ്‌പോര്‍ട്ട് കോസ്റ്റല്‍ പൊലീസ് പിടിച്ചെടുത്തു. നാവികര്‍ നിലവില്‍ കൊച്ചിയില്‍ തുടരുന്നതിനിടെയാണ് കോസ്റ്റല്‍ പൊലീസിന്റെ നടപടി.

കണ്ടെയ്‌നറുകളുടെ വിവരങ്ങള്‍ അടക്കം കൈമാറണമെന്നാവശ്യപ്പെട്ട് കപ്പല്‍ കമ്പനിക്ക് കോസ്റ്റല്‍ പൊലീസ് കത്തയക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ കോസ്റ്റല്‍ പൊലീസ് കമ്പനിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കപ്പല്‍ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ഷിപ്പ് മാസ്റ്ററെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 282, 285, 286, 287, 288 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റവും ഉദാസീനമായി പ്രവര്‍ത്തിച്ചുവെന്നും അപകടരമായ വസ്തുക്കള്‍ ഉണ്ടായിട്ടും മനുഷ്യജീവന് ബാധിക്കുന്ന തരത്തില്‍ കൈകാര്യം ചെയ്തുവെന്ന കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തി. കപ്പല്‍ പാതയില്‍ തടസമുണ്ടാക്കി, റാഷ് നാവിഗേഷന്‍, തീയോ തീപിടിക്കുന്ന വസ്തുവോ ഉപയോഗിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.

നേരത്തെ കേരള ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എം.എസ്.സി എല്‍സ ത്രീ കപ്പലപകടത്തില്‍ നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരം സ്ഥിര നിക്ഷേപമായി വേണമെന്നും ദേശസാല്‍കൃത ബാങ്കില്‍ ഒരു വര്‍ഷത്തേക്ക് പണം സ്ഥിര നിക്ഷേപമായി കെട്ടിവെക്കണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്.

നേരത്തെ എം.എസ്.സി എല്‍സ 3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് ഇതേ കമ്പനിയുടെ ഉടമസ്ഥതയില്‍ തന്നെയുള്ള എം.എസ്.സി മാന്‍സ എഫ് ഹൈക്കോടതി തടഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്കായിരുന്നു ബെഞ്ച് നിര്‍ദേശം നല്‍കിയത്. ക്യാഷൂ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ നല്‍കിയ ഹരജിയിലാണ് കോടതി കപ്പല്‍ തടഞ്ഞ് വെക്കാന്‍ നിര്‍ദേശം നല്‍കിയത്.

രണ്ടാഴ്ച മുമ്പാണ് കൊച്ചി തീരത്തിനകലെ കപ്പല്‍ അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞത്ത് നിന്നും പോകുന്ന വഴിയായിരുന്നു അപകടം. 470 ഓളം കണ്ടെയിനറുകളടങ്ങിയ കപ്പലായിരുന്നു മുഴുവനായും കടലില്‍ മുങ്ങിയത്.

Content Highlight: Kochi shipwreck; Coastal police seize passports of five people including ship master