ജമ്മുവില്‍ പോയപ്പോള്‍ രണ്ട് സാഹോദരങ്ങളെ കിട്ടിയെന്നും ആക്രമണം നടന്ന് അടുത്ത ദിവസം പുലര്‍ച്ചെ വരെ കശ്മീരികളായ മുസാഫീറും സമീറും എല്ലാ സഹായങ്ങള്‍ക്കും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും ആരതി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരതി.
‘ഞാന്‍ ഓരോ തിരക്കുകളുമായി കശ്മീരില്‍ ഓടി നടക്കുകയായിരുന്നു. പ്രാദേശിക കശ്മീരികളാണ് അമ്മയ്ക്ക് നില്‍ക്കാന്‍ ഇടം നല്‍കിയത്. അതിനവര്‍ പേയ്മെന്റ് ഈടാക്കിയിട്ടില്ല. കശ്മീരി ഡ്രൈവര്‍മായ മുസാഫിറും സമീറും ചേര്‍ന്നാണ് എന്നെ സഹായിച്ചത്.
ഒരു അനിയനും ചേട്ടനും എങ്ങനെയാണോ ഒരു സഹോദരിയെ കൊണ്ടുനടക്കുക അതുപോലെയാണ് മോര്‍ച്ചറിയിലേക്കും ഐഡന്റിഫിക്കേഷനും വേണ്ടി അവര്‍ എന്നെ കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്ന് മണി വരെ ഞാന്‍ മോര്‍ച്ചറിയുടെ മുന്നിലായിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് അവരോട് ‘എനിക്ക് കശ്മീരില്‍ വന്നപ്പോള്‍ രണ്ട് സഹോദരങ്ങളെ കിട്ടി’യെന്ന് പറഞ്ഞാണ് കശ്മീരില്‍ നിന്ന് തിരിച്ചത്,’ ആരതി പറഞ്ഞു.
ഒരു മണിക്കൂറോളം ഓടിയതിന് ശേഷമാണ് ആളുകളുള്ള ഒരു ടൗണില്‍ എത്തിയതെന്നും പൊലീസ് പോയ വഴി നോക്കിയാണ് ഓടിയതെന്നും ആരതി പ്രതികരിച്ചു.
ഭീകരരില്‍ ഒരാളാണ് തങ്ങളുടെ അടുത്തേക്ക് വന്നതെന്നും സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് അറിയില്ലെന്നും ആരതി പറഞ്ഞു. സൈനിക വേഷത്തിലല്ല ഭീകരന്‍ അടുത്തേക്ക് എത്തിയതെന്നും ആരതി കൂട്ടിച്ചേര്‍ത്തു.
അച്ഛന്റെ മരണം അമ്മയെ അറിയിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും മക്കളെയും അമ്മയെയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യമായതിനാലാണ് ആവശ്യം മുന്നോട്ടുവെച്ചതെന്നും മകള്‍ പറഞ്ഞു.