ഗാന്ധിജിക്ക് അയിത്തം കല്‍പിച്ച ഈ മനയ്ക്ക് എന്തുസംഭവിച്ചെന്ന് ശബരിമലയിലെ ആചാരസംരക്ഷകര്‍ അറിയണം
ഷഫീഖ് താമരശ്ശേരി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. പൗരാവകാശങ്ങളെക്കുറിച്ചും തുല്യനീതിയെക്കുറിച്ചും ഒരു വിഭാഗം സംസാരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും കൂട്ടുപിടിച്ച് ഇതിനെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ജീവശാസ്ത്രപരമായ പ്രത്യേകതകളുടെ പേരില്‍ സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്യം നിഷേധിക്കുന്നതിരെയുള്ള കോടതി വിധിക്കെതിരെ തെരുവില്‍ സമരം നടക്കുന്ന സ്ഥിതിവിശേഷവും ഇവിടെ കാണുന്നു.

വിശ്വാസ സംരക്ഷണത്തിന്റെ മറവില്‍ ബ്രാഹ്മണ്യാധികാരത്തെ പുനസ്ഥാപിക്കാനുള്ള ജാതിമേധാവിത്വത്തിന്റെയും, സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സ്ഥാപിത താത്പര്യക്കാരുടെയും ശ്രമങ്ങള്‍ ഇവിടെ വ്യക്തമാണ്. അനീതികളെ ആചാരങ്ങളായി കൊണ്ടുനടന്ന എല്ലാ വ്യവസ്ഥകളെയും അട്ടിമറിച്ചുകൊണ്ടാണ് കേരള നവോത്ഥാനം മുന്നോട്ടു പോയത് എന്നത് നാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. വൈക്കം സത്യാഗ്രഹം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു.

ജാതീയതയുടെ തീവ്രമായ ഉച്ഛനീചത്വങ്ങളില്‍ തൊട്ടുകൂടായ്മയും തീണ്ടലും അയിത്തവുമെല്ലാം കൊടികുത്തിവാണിരുന്ന ഒരു കാലം.
വൈക്കം മദാഹേവ ക്ഷേത്രത്തിന്റെ ചുറ്റിലുമുള്ള പൊതുവഴികളില്‍ അന്ന് അവര്‍ണരായ ആളുകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പൊതുവഴികളില്‍ എല്ലാവര്‍ക്കും പ്രവേശന സ്വാതന്ത്ര്യം വേണമെന്ന വൈക്കം സത്യാഗ്രഹത്തിന്റെ സമരാവശ്യങ്ങളെ ചെറുക്കാന്‍ അന്നത്തെ ബ്രാഹ്മണ്യവും കൂട്ടുപിടിച്ചത് വിശ്വാസങ്ങളെയും ആചാരങ്ങളെയുമായിരുന്നു.

ഇണ്ടം തുരുത്തി മനയിലെ ബ്രാഹ്മണരായിരുന്നു ക്ഷേത്രത്തിന്റെ അധികാരികള്‍. സത്യാഗ്രഹത്തില്‍ പങ്കെടുക്കാനായി വൈക്കത്തെത്തിയ സാക്ഷാല്‍ മഹാത്മാ ഗാന്ധി സവര്‍ണ നേതൃത്വവുമായുള്ള സന്ധിസംഭാഷണത്തിന് വേണ്ടി മനയിലെത്തി. ജാതിയില്‍ താഴ്ന്നവനും പല ജാതിക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവനുമായ ഗാന്ധിജിയെ മനയിലേക്ക് പ്രവേശിപ്പിക്കാന്‍ ബ്രാഹ്മണ അധികാരികള്‍ തയ്യാറായില്ല. എന്നാല്‍ ചരിത്രം ഏറെ കൗതുകകരമായാണ് പ്രവര്‍ത്തിച്ചത്.

കീഴ്ജാതിയില്‍പ്പെട്ട മനുഷ്യര്‍ക്ക് ഒരു കാലത്തും പ്രവേശനമില്ലാതിരുന്ന, ഗാന്ധിജിക്ക് പോലും അയിത്തം കല്‍പ്പിച്ച് പുറത്തിരുത്തിയ ഈ മന ഇന്ന് ചെത്ത് തൊഴിലാളികളുടെ തൊഴിലാളി യൂണിയന്‍ ഓഫീസായി മാറി.