'തീവ്രവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് സോഷ്യല്‍ മീഡിയ വഴി, കെ.എന്‍.എം എന്നും തീവ്രവാദത്തെ എതിര്‍ത്തു'; ജനം ടി.വിയില്‍ മുജാഹിദ് നേതാവ്
Kerala News
'തീവ്രവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് സോഷ്യല്‍ മീഡിയ വഴി, കെ.എന്‍.എം എന്നും തീവ്രവാദത്തെ എതിര്‍ത്തു'; ജനം ടി.വിയില്‍ മുജാഹിദ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th December 2022, 10:23 am

കോഴിക്കോട്: കേരളത്തിലെ തീവ്രവാദ ഗ്രൂപ്പുകളെ എന്നും എതിര്‍ത്തിട്ടുള്ള സമീപനമാണ് മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ചിട്ടുള്ളതെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് സ്വലാഹി. രാജ്യത്ത് വര്‍ഗീയത വളര്‍ന്നാല്‍ മതസംഘടനകള്‍ക്ക് പ്രബോധന പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ പിന്തുണയുള്ള ജനം ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആഗോള തലത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ പോലുള്ള സംഘടനകള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്നാല്‍ അവര്‍ മുസ്‌ലിം ജനവിഭാഗത്തിന്റെ അന്തകരാകും. മുജാഹിദ് പ്രസ്ഥാനം എന്നും ഇത്തരം മിലിറ്റന്റ് ഗ്രൂപ്പുകളെ എതിര്‍ത്തിട്ടുണ്ട്.

തീവ്രവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ സോഷ്യല്‍ മീഡിയിലൂടെയാണ് നടക്കുന്നത്. ഇത് ഒരു സൂക്ഷ്മ ന്യൂനപക്ഷമാണ്. എന്നാല്‍ മറുവശത്ത് മുസ്‌ലിം മതവിഭാഗം മുഴുവന്‍ തീവ്രവാദികളാണെന്നുള്ള പ്രചരണം നടക്കുന്നുണ്ട്. അത് ശരിയല്ല,’ മജീദ് സ്വലാഹി പറഞ്ഞു.

മതതീവ്രവാദത്തിന്റെ ഹബ്ബാണ് കേരളം എന്നാണ് പൊതുവെ പറയാറുള്ളത്, ഇതിനെതിരെ എന്തുകൊണ്ടാണ് കെ.എന്‍.എം പ്രതികരിക്കാത്തത് എന്ന അവതാകരന്റെ ചോദ്യത്തിന്,

‘പുതുതലമുറയെ ബോധവത്ക്കരിക്കുകയാണ് തീവ്രവാദത്തിനെതിരായ ഉചിതമായ പ്രവര്‍ത്തനം. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ എന്നും കെ.എന്‍.എം നിലപാടെടുത്തിട്ടുണ്ട്.

തെക്കുനിന്ന് വടക്കോട്ട് തൊണ്ണൂറുകളില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി നടത്തിയ വിദ്വേഷ പ്രചരണ യാത്രയുണ്ടായിരുന്നു. അന്ന് മുജാഹിദ് പ്രസ്ഥാനം അതിനെതിരെ രംഗത്തുവന്നിരുന്നു.

ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കേണ്ടതില്ല. മഅ്ദനി പാര്‍ട്ടിയില്‍ നിന്നാണ് എന്‍.ഡി.എഫ് പോലുള്ള പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. ഇതിന്റയൊക്കെ അടിസ്ഥാനം സിമിയാണ്. അന്നേ മുജാഹിദ് പ്രസ്ഥാനം സിമിയെ എതിര്‍ത്തിരുന്നു.

അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിലാണ് മുജാഹിദ് പ്രസ്ഥാനം സമ്മേളനം നടത്തുന്നത്,’ എന്നായിരുന്നു മജീദ് സ്വലാഹിയുടെ പ്രതികരണം.

ഇന്ത്യയുടെ ആത്മാവ് മതേതരത്വമാണെന്നും ഈ രാജ്യ ഒരു ഹിന്ദു രാഷ്ട്രമോ, മുസ് ലിം രാജ്യമോ ആകാന്‍ പോകുന്നില്ലെന്നും, അങ്ങനെയുള്ളതൊക്കെ അവകാശവാദങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണം, ലഹരി എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ ഭൂരിഭാഗവും മുസ്‌ലിം സമൂഹത്തില്‍ നിന്നുള്ളവരല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന്, അങ്ങനെ അഭിപ്രായം കെ.എന്‍.എമ്മിനില്ലെന്നും അത് പര്‍വതീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം സമുദായത്തില്‍ മറ്റങ്ങള്‍ കൊണ്ടുവന്നത് മുജാഹിദ് പ്രസ്ഥാനമാണ്. സമസ്തപോലുള്ള സംഘടനകള്‍ എന്നും പൗരോഹിത്യമാണ് സ്വീകരിച്ചത്.

അദ്യം മുജാഹിദ് പ്രസ്ഥാനം നടപ്പിലാക്കിയ പല നവോത്ഥാന മുന്നേറ്റങ്ങളും അവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് അവരത് സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഇടതുവലതു രാഷ്ട്രീയ പാര്‍ട്ടികള്‍ മതരാഷ്ട്രത്തിനെതിരെ കാര്യമായ നിലപാടെടുക്കുന്നില്ലെന്നും അവര്‍ക്ക് വോട്ടുബാങ്കുകളാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാരാജ്യം നിലവില്‍ സുരക്ഷിതത്വവും സമാധാനവുള്ള ഇടമാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ യുവാക്കളെ നിരാശരാക്കുമെന്നും മജീദ് സ്വലാഹി പറഞ്ഞു.

‘ഈ രാജ്യം സുരക്ഷിതത്വവും സമാധാനവുള്ള ഇടമാണ്. ചെറുപ്പക്കാരെ വെറുതെ പേടിപ്പിച്ച് ഇവിടെ ജീവിക്കാന്‍ പറ്റാത്ത മണ്ണാണെന്ന് പറയുന്നത് ശരിയല്ല. താത്ക്കാലികമായി എന്തെങ്കിലും കണ്ട് ആരും നിരാശരാകേണ്ടതില്ല.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാന്‍ പോകുന്നില്ല, ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമാകാനും പോകുന്നില്ല. ഭരണകൂടങ്ങള്‍ മാറിവരും. ഇന്ത്യയുടെ മതനിരപേക്ഷത നിലനില്‍ക്കും,’ കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ അഭിപ്രായം എന്താണെന്നുള്ള ചോദ്യത്തിന് അബ്ദുല്‍ മജീദ് സ്വലാഹി പറഞ്ഞു.

രാജ്യത്ത് പാര്‍ലമെന്റ്, ജുഡീഷ്യല്‍ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ന്നു, എല്ലായിടത്തും വര്‍ഗീയതയാണെന്നുള്ള അഭിപ്രായം മുജാഹിദ് പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും അബ്ദുല്‍ മജീദ് സ്വലാഹി കൂട്ടിച്ചേര്‍ത്തു.

മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താമത് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു മജീദ് സ്വലാഹിയുടെ ജനം ടി.വിയിലെ അഭിമുഖം.

‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്നു വരെ കോഴിക്കോട് സ്വപ്നനഗരിയിലാണ് സമ്മേളനം നടക്കുന്നത്.

Content Highlight:  KNM State Secretary Abdul Majeed Swalahi said that the Mujahid movement has always opposed the terrorist groups in Kerala