ഭാഗ്യം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പൂച്ചകള്‍, 2 ലക്ഷം കോടി രൂപ വരവ് ചെലവുള്ള ട്രഷറിയില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടി; വി.ഡി. സതീശന് കെ.എന്‍. ബാലഗോപാലിന്റെ മറുപടി
തിരുവനന്തപുരം: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്നും ചെലവഴിച്ച പണം രണ്ട് ലക്ഷം കോടി രൂപയ്ക്ക് മുകളിലാണെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഈ സര്‍ക്കാരിന്റെ ശരാശരി വാര്‍ഷിക ചെലവ് 1.72 ലക്ഷം കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയായാണ് കെ.എന്‍. ബാലഗോപാലിന്റെ പ്രതികരണം.
നുണ പറയുന്നതില്‍ ഒരു നൊബേല്‍ സമ്മാനമുണ്ടെങ്കില്‍ അത് വി.ഡി. സതീശന് കൊടുക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് തുടര്‍ച്ചയായി വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണ്. ധനകാര്യ വകുപ്പിനെ കുറിച്ചാണ് ഏറ്റവുമധികം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘കേരളത്തിന്റെ ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണ്’ എന്നാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥിരമായ പ്രയോഗമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
എന്നാൽ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശരാശരി 70,000 കോടി രൂപയാണ് ചെലവഴിച്ചിരുന്നതെങ്കില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയാണ് ചെലവിട്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കേരളത്തില്‍ ഒന്നിനും പണമില്ലത്രെ. ഇത് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ കള്ളി പൊളിയും എന്നതുകൊണ്ട് ഇത്തവണ ബജറ്റ് സെഷന്‍ തന്നെ ബഹിഷ്‌കരിച്ച് ഒളിച്ചോടിയ കൂട്ടരാണ് യു.ഡി.എഫ്. നിയമസഭയില്‍ പറയാതെ നാട്ടില്‍ മൈക്ക് വച്ച് നുണ പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്. ഒരു നുണ പലയാവര്‍ത്തി പറഞ്ഞാല്‍ സത്യമാക്കാം എന്ന ഹിറ്റ്‌ലറുടെ പ്രചരണ വിഭാഗം തലവന്‍ ഗീബല്‍സിന്റെ തന്ത്രമാണ് പ്രതിപക്ഷ നേതാവിന്റേത്,’ മന്ത്രി ഫേസ്ബുക്കില്‍ എഴുതി.
ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ മാത്രം ഈ സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചത് 50,000 കോടി രൂപയാണ്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും ഇത് 54,000 കോടി രൂപയെങ്കിലുമാകും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 10,700 കോടി രൂപ നല്‍കിയ സ്ഥാനത്താണ് ഈ നേട്ടമെന്നും കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതിയും യുവാക്കളുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പും ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും എല്ലാം ഉത്തരവാദിത്തതോടെ നടപ്പിലാക്കുന്ന സര്‍ക്കാരാണിത്.
ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ എല്‍.ഡി.എഫ് പറയാറുള്ളൂ. പറഞ്ഞതെല്ലാം ചെയ്യുകയും ചെയ്യും. കേന്ദ്രം സര്‍വവിധത്തിലും കേരളത്തിനര്‍ഹമായ വിഹിതങ്ങള്‍ നിഷേധിക്കുമ്പോഴും നമ്മുടെ തനത് വരുമാനം വര്‍ധിപ്പിച്ചാണ് നാം പിടിച്ചുനില്‍ക്കുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ചെലവുകള്‍ വെട്ടിക്കുറക്കാനല്ല, ചെലവുകള്‍ക്ക് അനുസരിച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് കേരളം ശ്രമിച്ചത്. നമ്മുടെ കടമാകട്ടെ കുറയുകയും ചെയ്തു. ആകെ ജി.എസ്.ഡി.പിയുടെ 39 ശതമാനം വരെയുണ്ടായിരുന്ന സംസ്ഥാനത്തിന്റെ കടം ഇപ്പോള്‍ 34 ശതമാനത്തിന് താഴേക്ക് എത്തിയിരിക്കുന്നു. ഇതൊന്നും പ്രതിപക്ഷ നേതാവിന് അറിയാത്തതല്ലെന്നും വിമര്‍ശനമുണ്ട്.
യാഥാര്‍ത്ഥ്യം തുറന്നുപറഞ്ഞാല്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിനെ പ്രകീര്‍ത്തിക്കേണ്ടി വരും എന്നതുകൊണ്ട് നുണയുടെ പുകമറ ഉണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പൂച്ചകള്‍ ഏതായാലും ഭാഗ്യം ചെയ്തവരാണ്. രണ്ട് ലക്ഷം കോടി രൂപ വരവ് ചെലവുള്ള ട്രഷറിയില്‍ ജീവിക്കാനുള്ള ഭാഗ്യം അവര്‍ക്ക് കിട്ടിയല്ലോ എന്നും മന്ത്രി പരിഹസിച്ചു.
Content Highlight: KN Balagopal criticize VD Satheesan in treasury fund