നിരോധിക്കുകയല്ല, പ്രത്യയശാസ്ത്രപരമായ സംവാദങ്ങളിലൂടെയാണ് അവയെ നേരിടേണ്ടത്: കെ.എം.ഷാജി
Kerala News
നിരോധിക്കുകയല്ല, പ്രത്യയശാസ്ത്രപരമായ സംവാദങ്ങളിലൂടെയാണ് അവയെ നേരിടേണ്ടത്: കെ.എം.ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2022, 2:15 pm

തിരുനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന നിലപാട് അംഗീകരിക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. ഒരു പ്രസ്ഥാനത്തേയും നിരോധിക്കുകയല്ല വേണ്ടത് മറിച്ച് പ്രത്യയശാസ്ത്രപരമായ സംവാദങ്ങളിലൂടെയാണ് അവയെ നേരിടേണ്ടതെന്നും കെ.എം. ഷാജി പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം രാജ്യത്തുടനീളം കേന്ദ്ര അന്വേഷണ ഏജന്‍സിയും (എന്‍.ഡി.ഐ)എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ രാജ്യത്താകെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

കേരളത്തിലും സമാന രീതിയില്‍ റെയ്ഡ് നടക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ വ്യക്തിപരമായി ഒെരു പാര്‍ട്ടിയേയും നിരോധിക്കുന്നതിനോട് യോജിക്കുന്നില്ല. എന്നെ സംബന്ധിച്ച് പ്രത്യയശാസ്ത്രപരമായ സംവാദങ്ങളാണ് നടക്കേണ്ടത്. അതിലൂടെയാണ് ഇവരെ നേരിടേണ്ടത്. ഒരു പ്രസ്ഥാനത്തെ നിരോധിച്ചാല്‍ തീര്‍ച്ചയായും അത് മറ്റൊരു രൂപത്തില്‍ തിരിച്ചുവരും. എസ്.ഐ.എം.ഐയും എന്‍.ഡി.എഫും തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ഇവ പിന്നീട് എസ്.ഡി.പി.ഐയും പി.എഫ്.ഐയും ആയി വന്നിട്ടുണ്ട്,’ കെ.എം. ഷാജി പറഞ്ഞു.

ലോകത്താകമാനമുള്ള ന്യൂനപക്ഷങ്ങള്‍ ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്. ഈ ഭയത്തെയാണ് തീവ്രവാദ സംഘടനകള്‍ മുതലെടുക്കുന്നത്. മുസ്‌ലിം ലീഗ് ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണമാണ് ലക്ഷ്യം വെക്കുന്നത്. മുസ്‌ലിം വിഭാഗത്തെ ഒരുമിച്ചു കൊണ്ടുവരേണ്ടത് അനിവാര്യമാണ്. പി.എഫ്.ഐ പോലുള്ള സംഘടനകള്‍ക്ക് ഇത് എളുപ്പമുള്ള കാര്യമാണ്. കാരണം അവരെ സംബന്ധിച്ച് സംഘപരിവാറാണ് അവരുടെ എതിര്‍കക്ഷികളെന്ന് കാണിച്ചാല്‍ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമി ഒരു ആശയമാണെന്നും അതിന്റെ പ്രാക്ടിക്കല്‍ വേര്‍ഷനാണ് എസ്.ഡി.പി.ഐ എന്നും കെ.എം. ഷാജി പറഞ്ഞു.

‘ജമാഅത്തെ ഇസ്‌ലാമി ഒരു ആശയമാണ്. അതിന്റെ പ്രാക്ടിക്കല്‍ വേര്‍ഷനാണ് എസ്.ഡി.പി.ഐ. സത്യത്തില്‍ എസ്.ഡി.പി.ഐ പിന്തുടരുന്നത് സയ്യിദ് അബുല്‍ ആല മൗദൂദിയുടെ പഠനങ്ങളാണ്. മൗദൂദിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍. ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്ന ദിവസം വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. പക്ഷേ എസ്.ഡി.പി.ഐക്ക് ക്ഷമയില്ല,’ അദ്ദേഹം പറയുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഇസ് ലാമിനോടുള്ള കാഴ്ചപ്പാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: KM Shaji says banning of any organization is not the answer but debating with them is