തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പി.എം.എ.വൈ പ്രകാരം നിര്‍മിച്ച വീടുകളില്‍ പദ്ധതിയുടെ എംബ്ലം വെയ്ക്കുന്നതില്‍ തെറ്റില്ല എന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ തെറ്റില്ലെന്ന് താന്‍ പറഞ്ഞുവെന്നാണ് ഈ വിഷയത്തില്‍ വാര്‍ത്തകള്‍ വന്നതെന്നും കെ.എം. ഷാജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പി.എം.എ.വൈ പദ്ധതിയുടെ എംബ്ലത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ല. പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ള ഒരു പി.എം.എ.വൈ എംബ്ലം കാണിച്ചു തരാമോ എന്നും കെ.എം. ഷാജി മാധ്യമങ്ങളോട് ചോദിച്ചു. പ്രധാനമന്ത്രി ആവാസ് യോജന എന്ന പേരില്‍ പ്രധാനമന്ത്രി എന്ന പദവിയുടെ പേരാണ് ഉള്ളത്. അല്ലാതെ പ്രധാനമന്ത്രിയുടെ പേര് അല്ല ഉള്ളതെന്നും ഷാജി പറഞ്ഞു.
ഇ.എം.എസ് ഭവന പദ്ധതിയെക്കുറിച്ചും കെ.എം. ഷാജി തന്റെ വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. ‘ഇ.എം.എസ് ഭവന പദ്ധതി എങ്ങനെയാണ് കൊടുക്കുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നതൊക്കെ പദവിയുടെ പേരാണ്. അതിന്റെ കൂടെ ഒരു പേര് കൂടെ കൊടുക്കുക. അതല്ലേ അപമാനം. ഞാന്‍ ഇ.എം.എസ് ഭവന പദ്ധതിയെ എതിര്‍ക്കുകയല്ല. പക്ഷേ ഇ.എം.എസ് ഭവന പദ്ധതി വിഭാവനം ചെയ്തവര്‍ എങ്ങനെയാണ് പ്രധാനമന്ത്രി ആവാസ് യോജനയെ എതിര്‍ക്കുന്നത്,’ കെ.എം. ഷാജി പറഞ്ഞു.
പി.എം.എ.വൈ പദ്ധതിയില്‍ ഒപ്പുവെക്കുമ്പോള്‍ ഒരു ലക്ഷത്തിലധികം പാവപ്പെട്ടവര്‍ക്കാണ് പുതുതായി വീട് കിട്ടുക. പാവപ്പെട്ട മനുഷ്യര്‍ക്ക് കിട്ടാനുള്ള വീട് ഒരു എംബ്ലത്തിന്റെ പേര് പറഞ്ഞ് തടസ്സപ്പെടുത്തരുത്. ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് പുതുതായി വീട് അനുവദിക്കുന്നത് ആവശ്യമില്ലാത്ത കപട ആദര്‍ശം പറഞ്ഞ് തടയുന്നത് സമൂഹത്തിനോട് ചെയ്യുന്ന തെറ്റാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ പദ്ധതി ആയാലും സംസ്ഥാനത്തിന്റെ പദ്ധതിയായാലും അതിന് ഉപയോഗിക്കുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന നികുതി വിഹിതം കുറവാണ്. അത്തരം സാഹചര്യത്തില്‍ എന്തിനാണ് പി.എം.എ.വൈ പദ്ധതി വിഹിതം സ്വീകരിക്കാതെ ജനങ്ങളുടെ വയറ്റത്തടിക്കുന്നതെന്നും കെ.എം. ഷാജി ചോദിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ച് ലക്ഷം വീടുകള്‍ വെച്ചുകൊടുത്തു എന്നാണ് എല്‍.ഡി.എഫ് നിയമസഭയില്‍ കൊടുത്ത കണക്ക്. അഞ്ച് ലക്ഷം വീടുകളില്‍ ഏകദേശം 1,60,000 വീടുകള്‍ ലൈഫ് മിഷന്‍ കൊടുത്തിരിക്കുന്നത് പി.എം.എ.വൈ പദ്ധതിയിലാണ്. ആ വീടുകളില്‍ പി.എം.എ.വൈ പദ്ധതിയുടെ എംബ്ലമുണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.
പി.എം.എ.വൈ പദ്ധതിയുടെ എംബ്ലം വീടുകള്‍ക്ക് മുന്നില്‍ വെക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷത്തിന്റെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഈ വിഷയത്തില്‍ മന്ത്രി ഇപ്പോള്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്.
‘അങ്ങനെ ഒരു എംബ്ലം വീടുകളില്‍ വെയ്ക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പൈസ കളയേണ്ട കാര്യമില്ല. അന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും അത്തരത്തില്‍ പല പേരുകള്‍ വന്നിട്ടുണ്ട്. ഇന്ദിര ആവാസ് യോജന എന്നൊക്കെ പേരിലുള്ള പദ്ധതികളാണ് വന്നത്. അതുപോലെ ഇപ്പോഴും വരുന്നുണ്ട് എന്ന് കരുതി അതിനെ തടുക്കേണ്ട കാര്യമില്ല. അതുകൊണ്ട് കേന്ദ്രസര്‍ക്കാരുമായി അണ്‍ഹെല്‍ത്തി ആയിട്ടുള്ള ഒരു ഡിബേറ്റിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല,’ എന്നായിരുന്നു കെ.എം. ഷാജിയുടെ പ്രസ്താവന.
Content Highlight: KM Shaji Response on Opposition Criticism on sticking PMAY Emblem