തിരുവനന്തപുരം: പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഫ്ലെക്സ് ബോർഡുകൾ ഉപയോഗിക്കാതെ, സൈക്കിളിൽ സഞ്ചരിച്ച് വോട്ട് തേടിയ ചാണ്ടി ഉമ്മനാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ യഥാർത്ഥ ഹീറോയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വ മിഷനും ക്ലീൻ കേരള കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ‘പാഴ്വസ്തുക്കളിൽ നിന്നും മാതൃകാ പൂന്തോട്ടം’ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മ നമ്മളെ പരിചരിക്കുന്നത് പോലെ ദൈവം നമ്മൾക്കായി കരുതിയതാണ് ഈ ഭൂമിയെന്ന് മന്ത്രി പറഞ്ഞു. “എല്ലാം മായമാണെന്ന് പറയാറുണ്ട്. പക്ഷെ, നമ്മുടെ അമ്മയെപ്പോലെ മായമില്ലാത്ത ഭൂമിയാണ് നമുക്ക് വേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പാരിസ്ഥിതിക അവബോധം മുൻനിർത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സുകൾ ഒഴിവാക്കി സൈക്കിളിൽ യാത്ര ചെയ്ത് വോട്ട് തേടിയ ചാണ്ടി ഉമ്മൻ വലിയൊരു സന്ദേശം സമൂഹത്തിന് നൽകിയതെന്നും, അതുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പിലെ ഹീറോ ആയി കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ മേയർ വി. വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച, പുനരുപയോഗയോഗ്യമായ പോളി എത്തിലീൻ ബോർഡുകൾ ശേഖരിച്ച് അതിൽ നിന്ന് നിർമ്മിച്ച ഗ്രോ ബാഗുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് സ്കൂളിൽ മാതൃകാ പൂന്തോട്ടം സജ്ജമാക്കിയത്.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾക്ക് ശേഷം ശേഖരിക്കുന്ന ഫ്ലെക്സുകൾ എങ്ങനെ ശരിയായി സംസ്കരിക്കാം എന്നത് വലിയൊരു ചോദ്യമാണെന്നും, അതിനുള്ള മികച്ച ഉത്തരമായാണ് ഈ പദ്ധതിയെ കാണുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ മേയർ വി. വി. രാജേഷ് പറഞ്ഞു. പ്ലാസ്റ്റിക്ക് ഒന്നിനും ഉപയോഗമില്ലാത്തതായി മാറുന്നില്ലെന്നും അതിനെ ശാസ്ത്രീയമായി മാറ്റിയെടുത്താൽ മൂല്യവത്തായ മറ്റൊരു ഉൽപ്പന്നമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഈ പൂന്തോട്ടം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയ പരിപാലനവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. പ്രചാരണ ബോർഡുകളിലും (ഫ്ലക്സ് ബോർഡുകൾ) മറ്റും സാധാരണയായി ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മാലിന്യവൽക്കരണത്തിനും കാരണമാകുന്നതുമായ പോളിവിനൈൽ ക്ലോറൈഡ് (PVC) ഷീറ്റുകൾക്ക് പകരം പോളി എത്തിലീൻ ഷീറ്റുകൾ പ്രിൻ്റിങ്ങിനായി ഉപയോഗിക്കണമെന്ന നിർദ്ദേശം ഇത്തവണ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നു.
പുനരുപയോഗസാധ്യമല്ലാത്തതും നിർമ്മാണം മുതൽ നശീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും വിഷലിപ്തമായ രാസവസ്തുക്കൾ പുറന്തള്ളുന്നതുമായ പി.വി.സി.യുടെ ഉപയോഗം ഇത്തരം ഹ്രസ്വകാല ആവശ്യങ്ങളിൽ പരമാവധി കുറയ്ക്കുക എന്ന സന്ദേശമാണ് പ്രധാനമായും ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാനമൊട്ടാകെ 1500-ലധികം പ്രിൻ്റിങ്ങ് യൂണിറ്റുകൾ വഴി പ്രതിവർഷം 17 കോടിയിലധികം പി.വി.സി നിർമ്മിത ഫ്ലക്സ് മെറ്റീരിയലുകൾ പ്രചാരണ ബോർഡുകളായി പുറത്തിറങ്ങുകയും മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, കെ.എസ്.ഡബ്ല്യു.എം.പി (KSWMP) ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് ഐ.എ.എസ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി മലിനീകരണം തടയുന്നതിൽ റീസൈക്ലിങ് പൂന്തോട്ട മാതൃക സൃഷ്ടിക്കാൻ പ്രധാന പങ്കു വഹിച്ച വിവിധ കമ്പനികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു.