കൊച്ചി: പ്രശസ്ത ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.എം. സലീം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു.
1975ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍ വാസം അനുഭവിച്ചു.
ഇടുക്കിയില്‍ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ കുന്നത്തു മാണിക്കന്റെയും കോതയുടെയും മകനായി 1949 മാര്‍ച്ച് പത്തിനാണ് ജനനം. കൊലുമ്പന്‍ പുത്തന്‍പുരയ്ക്കല്‍ വളര്‍ത്തച്ഛനായിരുന്നു.
നാളിയാനി ട്രൈബല്‍ എല്‍.പി സ്‌കൂള്‍, പൂച്ചപ്ര അറക്കുളം യു.പി സ്‌കൂള്‍, മൂലമറ്റം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1969ല്‍ മഹാരാജാസില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനവുമായുള്ള ബന്ധം ഉടലെടുത്തു. തുടര്‍ന്ന് രണ്ടു പതിറ്റാണ്ട് കാലം സി.ആര്‍.സി, സി.പി.ഐ(എം.എല്‍) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരള ദളിത് മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
1989ല്‍ അധഃസ്ഥിത നവോത്ഥാനമുന്നണിയുടെ ജാതിവിരുദ്ധ സമരത്തിന്റെ ഭാഗമായി മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് സലിം കുമാര്‍ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. 1999ല്‍ ദളിത് ഐക്യസമിതി രൂപീകരണത്തിന്റെ മുന്നണിപ്പോരാളികളിലൊരാളും അദ്ദേഹമായിരുന്നു.
രക്തപതാക, അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യശബ്ദം ബുള്ളറ്റിന്‍ എന്നിവയുടെ എഡിറ്റര്‍ എന്ന നിലയിവും പ്രവര്‍ത്തിച്ചു.
സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും, ദളിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, നെഗ്രിറ്റിയൂഡ് എന്നിവ പ്രധാന കൃതികള്‍. കടുത്തയാണ് ആത്മകഥ.
അയ്യങ്കാളിയുടെ ലോകവീക്ഷണം, സംവരണം ദളിത് വീക്ഷണത്തില്‍, ദലിത് ജനാധിപത്യ ചിന്ത, ഇതാണ് ഹിന്ദു ഫാസിസം വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ തുടങ്ങിയ കൃതികളും അദ്ദേഹം രചിച്ചു.