യു.ഡി.എഫ് യോഗം കേരള കോണ്‍ഗ്രസ് (എം) ബഹിഷ്‌ക്കരിച്ചു
Daily News
യു.ഡി.എഫ് യോഗം കേരള കോണ്‍ഗ്രസ് (എം) ബഹിഷ്‌ക്കരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th July 2016, 4:28 pm

തിരുവനന്തപുരം: കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) വിട്ടു നിന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും തന്നെ എത്തിയില്ല. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യ നിലപാട് എടുത്തതാണ് കേരള കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. തന്നെ മുന്നണിയില്‍ തളച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബാര്‍ കോഴ കേസെന്ന് ചൂണ്ടികാട്ടി കെ.എം മാണി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി യൂത്ത് ഫ്രണ്ട് ഹൈക്കമാന്റിന് പരാതിയും നല്‍കിയിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തില്‍ വരില്ലെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം നടക്കുന്നത്.

ബാര്‍ കോഴ കേസ് സംബന്ധിച്ച് കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് എമ്മില്‍ ശക്തമായ വികാരം ഉടലെടുക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നതാണിത്. ഇന്നത്തെ യോഗത്തില്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന കോണ്‍ഗ്രസിന്റെ വിലയിരുത്തലുകളെ അട്ടിമറിച്ചാണ് മുന്നണിയെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളി കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്.

യു.ഡി.എഫില്‍ മുസ്‌ലീം ലീഗ് ഒഴിച്ചുള്ള മുഴുവന്‍ കക്ഷികളും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്ന സാഹചര്യത്തില്‍ നടക്കുന്ന യോഗം നിര്‍ണ്ണായകമാണ്. ബാര്‍ക്കോഴക്കേസിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം പ്രത്യക്ഷമായും പരോക്ഷമായും കോണ്‍ഗ്രസിനെതിരെയുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ തന്നെ ആരോപണം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്.

തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ തോല്‍വിയില്‍ ജെ.ഡി.യുവും, ആര്‍.എസ്.പിയും കുറ്റപ്പെടുത്തുന്നതും കോണ്‍ഗ്രസിനെ തന്നെ. ഈ മൂന്ന് കക്ഷികളുടെയും ആഭ്യന്തര കമ്മിറ്റികളില്‍ മുന്നണിമാറ്റം സജീവ ചര്‍ച്ചയായി നില്‍ക്കുകയും ചെയ്യുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടാകും കോണ്‍ഗ്രസെടുക്കുക. ഭരണപക്ഷത്തിനെതിരെ വീണ് കിട്ടിയ വിഷയങ്ങള്‍ വേണ്ട രീതിയില്‍ മുതലെടുത്തില്ലെന്ന സ്വയം വിമര്‍ശവും യു.ഡി.എഫിലുണ്ട്.