രാഹുലിന് നേരെ വിരല്‍ ചൂണ്ടിയ അതേ കൈ കൊണ്ട് കയ്യടിപ്പിച്ചു; അടാര്‍ ഡൈവ്, ഇവന്‍ ഇങ്ങനെയൊക്കെ ചാടുമോ!
Sports News
രാഹുലിന് നേരെ വിരല്‍ ചൂണ്ടിയ അതേ കൈ കൊണ്ട് കയ്യടിപ്പിച്ചു; അടാര്‍ ഡൈവ്, ഇവന്‍ ഇങ്ങനെയൊക്കെ ചാടുമോ!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th May 2024, 9:35 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് 19 റണ്‍സിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തിയിരുന്നു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ എല്‍.എസ്.ജി ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എല്‍.എസ്.ജി 9 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എല്‍.എസ്.ജിക്ക് വേണ്ടി നിക്കോളാസ് പൂരന്‍ 27 പന്തില്‍ നിന്ന് 61 റണ്‍സും അര്‍ഷാദ് ഖാന്‍ 33 പന്തില്‍ നിന്നും 58 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇരുവരുടെയും ചെറുത്തുനില്‍പ്പാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

ദല്‍ഹിക്ക് വേണ്ടി അഭിഷേക് പൊരല്‍ 33 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റപ്‌സ് 25 പന്തില്‍ നിന്ന് 57 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഷായി ഹോപ്പ് 27 പന്തില്‍ നിന്ന് 38 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ എ.ല്‍.എസ്.ജി. ക്യാപ്റ്റന്‍ രാഹുലിനെക്കുറിച്ചാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് കനത്ത തോല്‍വി വഴങ്ങിയ സമയത്ത് എല്‍.എസ്.ജി ഉടമ സഞ്ജീവ് ഗോയങ്ക കെ.എല്‍. രാഹുലിനെ ശാസിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ താരത്തിന് നേരെ ചൂണ്ടിയ അതേ കൈകൊണ്ട് ഇപ്പോള്‍ രാഹുലിന് വേണ്ടി കയ്യടിച്ചിരിക്കുകയാണ് ഗോയങ്ക.

മത്സരത്തില്‍ 27 പന്തില്‍ 38 റണ്‍സുമായി ബാറ്റ് ചെയ്ത ഷായ് ഹോപ്പ് ഇന്നിങ്സിന്റെ ഒമ്പതാം ഓവറില്‍ രവി ബിഷ്ണോയിയുടെ പന്ത് കവറിലൂടെ അടിച്ച് പറത്താന്‍ ശ്രമിച്ചു.

അവിടെ രാഹുലിലേക്ക് വളരെ വേഗത്തില്‍ പന്ത് വന്നെങ്കിലും ആദ്യ ശ്രമത്തില്‍ പന്ത് കയ്യിലൊതുക്കാന്‍ കഴിയാതെ വന്നപ്പോള്‍ രണ്ടാം വട്ടം വമ്പന്‍ ചാടലില്‍ പന്ത് സുരക്ഷിതമാക്കുകയായിരുന്നു രാഹുല്‍. തികച്ചും വിസ്മയകരമായ രാഹുലിന്റെ ഡൈവ് ഗോയങ്ക പോലും ഞെട്ടിക്കുകയായിരുന്നു.

 

Content Highlight: KL Rahul Take A Dive Catch Of Shai Hope