രാഹുലിനും ലഖ്‌നൗവിനും കനത്ത തിരിച്ചടി; ചെന്നൈയെ വീഴ്ത്തിയിട്ടും കിട്ടിയത് നല്ല എട്ടിന്റെ പണി!
Cricket
രാഹുലിനും ലഖ്‌നൗവിനും കനത്ത തിരിച്ചടി; ചെന്നൈയെ വീഴ്ത്തിയിട്ടും കിട്ടിയത് നല്ല എട്ടിന്റെ പണി!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th April 2024, 9:27 am

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് നാലാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് ലഖ്‌നൗ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 19 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരശേഷം ലഖ്നൗ നായകന്‍ കെ.എല്‍ രാഹുലിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കുറഞ്ഞ ഓവര്‍ റൈറ്റ് കൊണ്ട് രാഹുലിന് 12 ലക്ഷം രൂപയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിഴ ചുമത്തിയത്. നിശ്ചിത ഓവര്‍ എറിഞ്ഞു തീര്‍ക്കേണ്ട സമയത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഒരു ഓവര്‍ പിന്നിലായിരുന്നു.

അതിനാല്‍ അവസാന ഓവറുകളില്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാര്‍ക്ക് പകരം നാല് ഫീല്‍ഡര്‍മാരെയാണ് ലഖ്നൗവിന് ഉപയോഗിക്കാന്‍ സാധിച്ചുള്ളൂ. ഈ സീസണില്‍ രാഹുല്‍ ആദ്യമായാണ് സ്ലോ ഓവറേറ്റിന്റെ ശിക്ഷ നേരിടേണ്ടി വരുന്നത്.

ഇതിനോടകം തന്നെ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍, കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് എന്നിവരും ഈ സീസണില്‍ സ്ലൊ ഓവര്‍ റേറ്റിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഈ സീസണില്‍ പന്ത് ദല്‍ഹി ക്യാപിറ്റല്‍സിനായി രണ്ടു മത്സരങ്ങളിലാണ് സ്ലൊ ഓവര്‍ റേറ്റഡ് നടത്തിയത്. ഒരുതവണ കൂടി ഇത് ആവര്‍ത്തിച്ചാല്‍ പന്തിന് ഒരു മത്സരത്തില്‍ വിലക്ക് നേരിടേണ്ടി വരും.

ലഖ്‌നൗവിനായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കും മിന്നും തുടക്കമാണ് നല്‍കിയത്. രാഹുല്‍ 53 പന്തില്‍ ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും ഉള്‍പ്പെടെ 82 റണ്‍സ് ആണ് നേടിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സും നേടി 43 പന്തില്‍ 54 റണ്‍സുമാണ് ഡി കോക്ക് നേടിയത്.

നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും മൂന്നു തോല്‍വിയും അടക്കം എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് രാഹുലും സംഘവും. ഏപ്രില്‍ 23നും ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തന്നെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. സൂപ്പര്‍ കിങ്സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: KL Rahul fined for slow over rate