സച്ചിന്‍ 5x1000, പിന്‍ഗാമിയായി രാഹുല്‍ 2x1000! അഞ്ചാമനും ഏഴാമനുമായി മുന്നോട്ട്
Sports News
സച്ചിന്‍ 5x1000, പിന്‍ഗാമിയായി രാഹുല്‍ 2x1000! അഞ്ചാമനും ഏഴാമനുമായി മുന്നോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd July 2025, 7:14 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരായ കെ.എല്‍. രാഹുലിന്റെയും യശസ്വി ജെയ്‌സ്വാളിന്റെയും കരുത്തില്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയിരിക്കുകയാണ്.

ആദ്യ ദിനം ലഞ്ചിന് പിരിയും മുമ്പ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 78 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ ലഞ്ചിന് ശേഷം അധികം വൈകാതെ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 98 പന്ത് നേരിട്ട് അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സകലെയായിരുന്നു രാഹുലിന്റെ മടക്കം. ക്രിസ് വോക്‌സിന്റെ പന്തില്‍ സാക്ക് ക്രോളിയുടെ കൈകളിലൊതുങ്ങിയായിരുന്നു താരം പുറത്തായത്.

എന്നാല്‍ ഈ മത്സരത്തില്‍ പുറത്താകും മുമ്പേ പല റെക്കോഡുകളും രാഹുല്‍ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടില്‍ 1,000 റണ്‍സ് എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. ഈ റെക്കോഡ് സ്വന്തമാക്കുന്ന അഞ്ചാമത് മാത്രം താരമാണ് രാഹുല്‍.

ഇംഗ്ലണ്ടില്‍ 1,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1,575

രാഹുല്‍ ദ്രാവിഡ് – 1,376

സുനില്‍ ഗവാസ്‌കര്‍ – 1,152

വിരാട് കോഹ്‌ലി – 1,096

കെ.എല്‍. രാഹുല്‍ – 1,035

ഇതിനൊപ്പം ഒന്നിലധികം രാജ്യങ്ങളില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏഴാമത് ഇന്ത്യന്‍ താരമാകാനും രാഹുലിന് സാധിച്ചു. ഇംഗ്ലണ്ടിന് പുറമെ സ്വന്തം തട്ടകത്തിലാണ് രാഹുല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഒന്നിലധികം രാജ്യങ്ങളില്‍ ടെസ്റ്റില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏഴാമത് ഇന്ത്യന്‍ താരമാണ് രാഹുല്‍. ഈ പട്ടികയില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍ സച്ചിന്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഗവാസ്‌കറും ദ്രാവിഡും നാല് രാജ്യങ്ങളില്‍ ആയിരമടിച്ചപ്പോള്‍ വി.വി.എസ് ലക്ഷ്മണ്‍, വിരാട് കോഹ്‌ലി എന്നിവര്‍ മൂന്ന് രാജ്യങ്ങളിലും ആയിരം റെഡ് ബോള്‍ റണ്‍സ് പൂര്‍ത്തിയാക്കി. രാഹുലിനെ പോലെ രണ്ട് രാജ്യങ്ങളില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയ പോളി ഉമ്രിഗറാണ് ഈ റെക്കോഡില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം.

ഒന്നിലധികം രാജ്യങ്ങളില്‍ 1,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എത്ര രാജ്യങ്ങളില്‍ 1,000 റണ്‍സ് – രാജ്യങ്ങള്‍ എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 5 – ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക

സുനില്‍ ഗവാസ്‌കര്‍ – 4 – ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്

രാഹുല്‍ ദ്രാവിഡ് – 4 – ഇന്ത്യ, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്

വി.വി.എസ്. ലക്ഷ്മണ്‍ – 3 – ഇന്ത്യ, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്

വിരാട് കോഹ്‌ലി – 3 – ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്

പോളി ഉമ്രിഗര്‍ – 2 – ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്

കെ.എല്‍. രാഹുല്‍ – 2 – ഇന്ത്യ, ഇംഗ്ലണ്ട്*

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 101 എന്ന നിലയിലാണ്. 96 പന്തില്‍ 50 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 17 പന്തില്‍ രണ്ട് റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ലിയാം ഡോവ്‌സണ്‍, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍.

 

Content Highlight: KL Rahul becomes the 7th Indian batter to score 1,000 Test runs in multiple countries