ഒരു ഗോള്‍ഡന്‍ ഡക്കും 56 റണ്‍സും; എന്ത് ചെയ്തിട്ടും 'പച്ച' പിടിക്കുന്നില്ലല്ലോ!
Cricket
ഒരു ഗോള്‍ഡന്‍ ഡക്കും 56 റണ്‍സും; എന്ത് ചെയ്തിട്ടും 'പച്ച' പിടിക്കുന്നില്ലല്ലോ!
ഫസീഹ പി.സി.
Wednesday, 15th April 2026, 5:46 pm

തുടര്‍ തോല്‍വികളാല്‍ വലയുകയാണ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഐ.പി.എല്‍ 2026ല്‍ അഞ്ച് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ അജിന്‍ക്യ രഹാനെയ്ക്കും സംഘത്തിനും ഒരു വിജയം പോലും നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ടീം സീസണിലെ നാലാം തോല്‍വിയാണ് വഴങ്ങിയത്.

പരിക്ക് കാരണം പല താരങ്ങളും പുറത്തായതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയത്. ഒപ്പം ടീമിലുള്ള താരങ്ങള്‍ ഫോമിലെത്താത്തതും നൈറ്റ് റൈഡേഴ്‌സിനെ വെള്ളം കുടിപ്പിക്കുന്നു. ഈ തോല്‍വികള്‍ക്കിടയില്‍ മറ്റൊരു തലവേദനയാണ് പൊന്നും വിലയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ ഫോം.

കാമറൂൺ ഗ്രീൻ.

ഈ സീസണിന് മുന്നോടിയായി നടന്ന ലേലത്തിലൂടെയാണ് ഗ്രീനിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 25. 20 കോടി രൂപയ്ക്കാണ് താരത്തെ മുന്‍ ചാമ്പ്യന്‍മാര്‍ ടീമിലെത്തിച്ചത്. ഈ സീസണിലെ ഏറ്റവും വിലയേറിയ താരവും ഗ്രീന്‍ തന്നെയാണ്.

എന്നാല്‍, ടൂര്‍ണമെന്റില്‍ ഗ്രീനിന് ഇതുവരെ തിളങ്ങാനായിട്ടില്ല. ചെന്നൈക്കെതിരെ കഴിഞ്ഞ ദിവസം ആറാമനായി ഇറങ്ങിയ താരം വന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായായാണ് താരം തിരികെ നടന്നത്. നൂര്‍ അഹമ്മദിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ കളിച്ച ഗ്രീന്‍ ഇതുവരെ 56 റണ്‍സ് മാത്രമാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ 24 പന്തില്‍ പുറത്താവാതെ നേടിയ 32 റണ്‍സാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ പത്ത് പന്തില്‍ 18, സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ രണ്ട് പന്തില്‍ രണ്ട്, പഞ്ചാബ് കിങ്‌സിനെതിരെ നാല് എന്നിങ്ങനെയാണ് താരത്തിന്റെ ഈ സീസണിലെ മറ്റ് സ്‌കോറുകള്‍.

കാമറൂൺ ഗ്രീൻ.

ഇതിനൊപ്പം ഗ്രീന്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ബൗള്‍ ചെയ്തിരുന്നില്ലെന്നതും കൊല്‍ക്കത്തയ്ക്ക് വലിയ ആശങ്കയായിരുന്നു. ടീമിന്റെ അവസാന രണ്ട് മത്സരങ്ങളില്‍ ലഖ്നൗവിനെതിരെയും ചെന്നൈക്കെതിരെയും താരം രണ്ട് ഓവറുകള്‍ എറിഞ്ഞിരുന്നു.

എന്നാല്‍, ലഖ്നൗവിനെതിരെ ഒരു വിക്കറ്റിന് 28 റണ്‍സും ചെന്നൈക്കെതിരെ 30 റണ്‍സും ഗ്രീന്‍ വിട്ടുനല്‍കി. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഒരുപോലെ നിറം മങ്ങുന്നത് ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

Content Highlight: KKR all rounder Cameron Green flops again in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി