'തുന്നല്‍ ടീച്ചര്‍ എന്താ ടീച്ചര്‍ അല്ലേ, അങ്ങനെ അങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ'; ചാനല്‍ ചര്‍ച്ചയില്‍ ബി. ഗോപാലകൃഷ്ണന് ശൈലജ ടീച്ചറുടെ മറുപടി
Kerala
'തുന്നല്‍ ടീച്ചര്‍ എന്താ ടീച്ചര്‍ അല്ലേ, അങ്ങനെ അങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ'; ചാനല്‍ ചര്‍ച്ചയില്‍ ബി. ഗോപാലകൃഷ്ണന് ശൈലജ ടീച്ചറുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st May 2020, 12:34 pm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധനപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ലെന്നും സര്‍ക്കാര്‍ പി.ആര്‍ വര്‍ക്ക് നടത്തുകയാണെന്നും ആരെങ്കിലും എഴുതിത്തരുന്ന കാര്യങ്ങള്‍ നോക്കിവായിക്കുന്ന ആളാണ് ആരോഗ്യമന്ത്രിയെന്നുമുള്ള ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിമര്‍ശനത്തിന് ചാനല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കി ആരോഗ്യമന്ത്രി കെ.കെ ശൈലജ.

തന്നെ അങ്ങനെ അങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ടതില്ലെന്നും എഴുതിത്തന്നത് വായിക്കാന്‍ മാത്രമുള്ള ധാരണാ പിശകൊന്നും തനിക്കില്ലെന്നുമായിരുന്നു ശൈലജ ടീച്ചര്‍ മീഡിയാ വണ്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ പോസ്റ്റിട്ടത് കണ്ടെന്നും തുന്നല്‍ ടീച്ചര്‍ എന്താ ടീച്ചര്‍ അല്ലേയേന്നും അങ്ങനെയൊന്നും പരിഹസിക്കാന്‍ നോക്കേണ്ടെന്നുമായിരുന്നു ഹയര്‍ സെക്കണ്ടറി വിഭാഗം ഫിസിക്‌സ് അധ്യാപിക കൂടിയായ ശൈലജ ടീച്ചര്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

‘ഗോപാലകൃഷ്ണാ, ഞാന്‍ ഒന്നുമില്ലെങ്കിലും ഒരു ടീച്ചറാണല്ലോ, എനിക്ക് അക്ഷരം എഴുതാനും വായിക്കാനുമൊക്കെ അറിയാം. ഈ കാര്യത്തെ കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെയാണ് ഇടപെടുന്നത്. ആ പഠിക്കാന്‍ കഴിയാത്ത ബുദ്ധിമോശമൊന്നും എനിക്ക് ഇല്ല. ഈ ലോകത്തേക്ക് വെച്ച് എല്ലാം അറിയുന്ന ആളാണ് ഞാനെന്ന് നടിക്കാറില്ല. പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ നേരിടാനും നിയന്ത്രിക്കാനും അറിയാനും പഠിക്കാനുമൊക്കെയുള്ള കഴിവില്‍ ഞാന്‍ എന്നെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നില്ല.

ഗോപാലകൃഷ്ണന് പറയേണ്ടത് പറയാം. ഗോപാലകൃഷ്ണന് എന്നോട് വ്യക്തിപരമായ സ്‌നേഹം ഉള്ള ആളൊന്നും അല്ലല്ലോ. പിന്നെ എന്നെ അധിക്ഷേപിക്കാന്‍, ഞാന്‍ മറ്റൊരു പാര്‍ട്ടിക്കാരിയുമാണ്. പിന്നെ ബി.ജെ.പിക്കാര്‍ പോലും ഗോപാലകൃഷ്ണന്‍ പറയുന്നത് വിശ്വസിക്കില്ലെന്നതാണ് മറ്റൊരു കാര്യം

പിന്നെ ഗോപാലകൃഷ്ണന്‍ ഇടയ്ക്കിടയ്ക്ക് പി.ആര്‍ വര്‍ക്ക് പി.ആര്‍ വര്‍ക്ക് എന്ന് പറയുന്നുണ്ട്. ഈ നാട്ടിലെ ജനങ്ങള്‍ വിവരമുള്ളവരാണ്. എന്ത് പി.ആര്‍ വര്‍ക്കാണ് നിങ്ങള്‍ പറയുന്നത്. പി.ആര്‍ വര്‍ക്ക് നടത്തിയിട്ട് ആരെങ്കിലും ഒരു ഇമേജ് ഉണ്ടാക്കാന്‍ നോക്കിയാല്‍ അത് നിലനില്‍ക്കില്ല.

അതിന് ഒരു കുമിളയുടെ ആയുസ് ഉണ്ടാവില്ല. എന്നാല്‍ നിങ്ങള്‍ പാടുപെട്ട് പണിയെടുത്തതിന്റെ ഭാഗമായി ആരെങ്കിലും അംഗീകരിച്ചാല്‍ ആ അംഗീകാരം ആരൊക്കെ ചവിട്ടിത്തേച്ചുകളഞ്ഞാലും ആ ഗവര്‍മെന്റിന് ഉണ്ടാകും. അതാണ് ഈ ഗവര്‍മെന്റിന് ലഭിക്കുന്നത്.

പി.ആര്‍ വര്‍ക്കും എഴുതിത്തരലുമൊക്കെ ഈ കേരളീയ സമൂഹത്തിന്റെ മുന്‍പില്‍ അങ്ങനെ പറയാതിരിക്കുന്നത് ഈ ഗോപാലകൃഷ്ണന്റെ അന്തസിനാണ് നല്ലത്. എന്റെ അന്തസിനല്ല.’, ശൈലജ ടീച്ചര്‍ പറഞ്ഞു.

കേന്ദ്രഗവര്‍മെന്റിനെതിരെ ഒരു വിമര്‍ശനവും ഇല്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഈ മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ കേന്ദ്രം ഒരു അഭിപ്രായവും സംസ്ഥാനം ഒരു അഭിപ്രായവും പറഞ്ഞ് പോരടിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് മാത്രമാണ് വിമര്‍ശനം പറയാത്തതെന്നും സാമ്പത്തിക വീതം വെപ്പിന്റെ കാര്യത്തിലും മറ്റ് പലതും അനുവദിക്കുന്ന കാര്യത്തില്‍ ആ കാര്യത്തിലെല്ലാം വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

‘എനിക്ക് തന്നെ വിമര്‍ശനം പറയാനുണ്ട്. എയിംസിന് വേണ്ടി എത്ര തവണ ഞാന്‍ ദല്‍ഹിയില്‍ പോയി. ജെ.പി നദ്ദ സാറിനെ കണ്ടു, കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധനെ കണ്ടു. ഉറപ്പായും തരുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ നമുക്ക് മാത്രം എയിംസ് തരുന്നില്ല. അതൊരു വിവേചനം അല്ലേ ഗോപാലകൃഷ്ണന്‍? അത്തരത്തില്‍ ഒരുപാടുണ്ട്.

ഈ സമയത്ത് എനിക്ക് ആ വിവേചനത്തിന്റെ കെട്ടഴിക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ അത് പറയുന്നില്ല എന്നേ ഉള്ളൂ. വിവേചനങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ആ വിവേചനം തന്നെയാണ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയത്.

മറ്റൊന്ന് നിങ്ങള്‍ പറഞ്ഞത് പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ല എന്നാണ്. ഇവിടെ എം.എല്‍.എമാര്‍ക്ക് റോളുണ്ട്. ഓരോ എം.എല്‍.എമാരും അവരുടെ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് അവിടെ കൃത്യമായി ഒരു ലെയ്‌സണ്‍ ഉണ്ടാക്കി തന്റെ നിയോജകമണ്ഡലത്തില്‍ കൊവിഡ് പടരില്ല എന്ന് ഉറപ്പുവരുത്തുകയാണ്.

നന്നായിട്ട് ജോലി ചെയ്യുന്ന എം.എല്‍.എമാരുണ്ട്. ചെയ്യുന്നവരൊക്കെ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി തന്നെ എത്ര തവണ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. മാര്‍ക്‌സിസ്റ്റ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം മാത്രമാണോ വിളിച്ചത്? എല്ലാ പഞ്ചായത്തുപ്രസിഡന്റുമാരും വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലേ? അവര്‍ ഇല്ലാം ഇങ്ങനത്തെ വര്‍ത്തമാനം പറഞ്ഞോ, ഇല്ലല്ലോ?

പിന്നെ ഗോവയുടെ കാര്യം. അധികം എന്തിനാ ഗോപാലകൃഷ്ണാ അത് പറയുന്നത് ? ഞാന്‍ ബി.ബി.സിയില്‍ സംസാരിക്കുന്ന സമയത്ത് നാല് കേസെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, യെസ് അതില്‍ മൂന്ന് കേസ് കേരളത്തിലുള്ളതും ഒരു കേസ് കേരളത്തിലേക്ക് ചികിത്സയ്ക്ക് വന്ന കേസുമാണെന്ന്

യൂണിയന്‍ ടെറിറ്ററി മാഹി എന്ന് പറയുന്നതിന് പകരം ഗോവ എന്നായിപ്പോയി. ഞാന്‍ തന്നെ അത് മനസിലാക്കിയിട്ടില്ല. പിന്നെ ആരോ പറഞ്ഞപ്പോഴാണ് ശ്രദ്ധിക്കുന്നത്. അല്പം ആലോചിക്കുന്നവര്‍ക്ക് അറിയില്ലേ കേരളത്തിന് തൊട്ടടുത്തുള്ള യൂണിയന്‍ ടെറിറ്ററി ഗോവയല്ല മാഹിയാണെന്ന്. പക്ഷേ അത് വായില്‍ നിന്ന് വീണു. അപ്പോള്‍ തന്നെ ഞാന്‍ ഗോവ മുഖ്യമന്ത്രി സാവന്തിനെ വിളിച്ചു.

അദ്ദേഹം അപ്പോഴേക്ക് ഒരു ട്വീറ്റ് ഇട്ടിരുന്നു. ഇത് ശരിയല്ല, ഗോവയില്‍ ഈ സംവിധാനങ്ങളൊക്കെ ഉണ്ട് എന്ന് പറഞ്ഞിട്ട്. അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ടപ്പോളാണ് അദ്ദേഹം അത് ഗൗരവത്തിലെടുത്തല്ലോ എന്ന് കരുതിയത്. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തിന് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ മെസേജ് അയച്ചു. ഒരു സ്ലിപ്പ് വന്നതാണെന്നും ഞാന്‍ ഉദ്ദേശിച്ചത് പുതുശേരിക്ക് അടുത്തുള്ള മാഹിയാണെന്നും ഞങ്ങളുടെ അടുത്ത പ്രദേശമാണെന്നും പറഞ്ഞിട്ട്.

കുഴപ്പമില്ല എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മറുപടി മെസ്സേജും അയച്ചു. അദ്ദേഹത്തിന് അത് മനസിലായി. ഇന്ന് രാവിലെ എന്നെ ഗോവ ആരോഗ്യമന്ത്രി റാണെ വിളിച്ചു. മിനിസ്റ്റര്‍ക്ക് പ്രയാസമായല്ലേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഞാന്‍ കുറച്ചു പ്രയാസപ്പെട്ടെന്നും ഇവിടെ എനിക്ക് മേല്‍ നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ഭയങ്കരമായി ആക്ഷേപം ചൊരിയുകയാണെന്നും പറഞ്ഞു.

അദ്ദേഹം പറഞ്ഞത് അതൊന്നും കുഴപ്പമില്ലെന്നും ഞങ്ങള്‍ക്കെല്ലാം അത് മനസിലായിട്ടുണ്ടെന്നുമാണ്. ലോകം മുഴുവന്‍ കാണുന്നതുകൊണ്ട് ഇവിടെ ഒന്നും ഇല്ലെന്ന് ആളുകള്‍ കരുതുമല്ലോ എന്നതുകൊണ്ടാണെന്നും പറഞ്ഞു.

നിങ്ങള്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നവരാണ്. എന്റെ ഒരു വാക്ക് കൊണ്ട് അങ്ങനെ തോന്നാന്‍ ഇടയാകുമോ എന്ന പ്രയാസമാണ് എനിക്കും ഉണ്ടായതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് ഹിന്ദു പത്രത്തില്‍ വിളിച്ചു. അവര്‍ ഗോവ മിനിസ്റ്ററുടേയും എന്റേയും ഭാഗം കൊടുത്തു. അത്രയേ ഉള്ളൂ ആ കാര്യം. അത് അവര്‍ക്ക് മനസിലായി. ഗോപാലകൃഷ്ണന് മനസിലായില്ലെങ്കിലും…ശൈലജ ടീച്ചര്‍ പറഞ്ഞു.

എന്നാല്‍ പത്രത്തില്‍ വന്ന വാര്‍ത്തയെ കുറിച്ച് താന്‍ ചോദിച്ചെന്നേയുള്ളൂവെന്നും ടീച്ചറോട് വളരെ ബഹുമാനമുള്ള ആളാണ് താനെന്നുമായിരുന്നു മറുപടിക്ക് പിന്നാലെ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

കോവിഡ് 19; ആരോപണങ്ങൾക്ക് മറുപടിയുമായി ശൈലജ ടീച്ചർ

കോവിഡ് 19 പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ശൈലജ ടീച്ചർസ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയുടെ പൂര്‍ണരൂപം : https://youtu.be/OKAhzUngU34

Posted by MediaoneTV on Wednesday, 20 May 2020

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക