വൈറസിലെ രേവതിയെ കണ്ടപ്പോള്‍ അനിയത്തിയെപ്പോലെ തോന്നി: കെ.കെ ഷൈലജ
movie
വൈറസിലെ രേവതിയെ കണ്ടപ്പോള്‍ അനിയത്തിയെപ്പോലെ തോന്നി: കെ.കെ ഷൈലജ
ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 7:00 pm

വൈറസ് സിനിമയിലെ രേവതിയെ കണ്ടപ്പോള്‍ അനിയത്തിയെപ്പോലെ തോന്നിയെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ആഷിഖ് അബു ഷൂട്ടിങിനിടയില്‍ രേവതിയുടെ ഫോട്ടോ അയച്ചുതന്നു. പെട്ടന്ന് ഇത് താനെപ്പോള്‍ എടുത്ത ഫോട്ടോ എന്നാണ് ഓര്‍ത്തതെന്നും കെ.കെ. ഷൈലജ പറഞ്ഞു. ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈലജ ടീച്ചര്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

ചിത്രം സൂക്ഷിച്ച് നോക്കുമ്പോഴാണ് വ്യത്യാസം മനസിലാവുന്നത്. എന്റെ സഹോദരി എന്ന് ആഷിഖിന് മറുപടിയും അയച്ചെന്നും മന്ത്രി പറഞ്ഞു. ഷൂട്ടിങിനിടയില്‍ രേവതിയും കാണാനെത്തി. സിനിമയെ ഗൗരവമായാണ് കാണുന്നതെന്നും ഷൈലജ ടീച്ചര്‍ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ സൈന്റിഫിക് വിവരണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന് ആഷിഖ് അബുവിനോട് അഭിപ്രായപ്പെട്ടിരുന്നതായും അവര്‍ വ്യക്തമാക്കി.

കേരളത്തെ ഭീതിയിലാഴ്ത്തിയ കാലമായിരുന്നു നിപ്പ ആ കാലത്തെ അടയാളപ്പെടുത്തുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രം വൈറസ്.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിപ്പ വൈറസ് രോഗം ബാധിച്ചപ്പോള്‍ കേരളത്തിലെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ആയിരുന്നു. ഇപ്പോഴും. ചിത്രത്തില്‍ രേവതിയാണ് ഷൈലജയുടെ വേഷത്തിലെത്തുന്നത്.

വൈറസ് സിനിമ കണ്ടിട്ടില്ല, കാണണം എന്നുണ്ട്, എങ്കിലും അടുത്തൊന്നും കാണാന്‍ സമയം ഉണ്ടാകില്ല. ആള്‍ക്കാരെ ബോധവല്‍ക്കരിക്കാനുള്ള ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടാകും എന്ന് കരുതുന്നെന്നും കെ.കെ. ഷൈലജ നേരത്തെ പറഞ്ഞിരുന്നു. താന്‍ കഥാപാത്രം ആണെന്ന് കരുതുന്നില്ല. കോഴിക്കോട് നിപ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞിരുന്നു.