കോഴിക്കോട്: നിപയും കോവിഡും വരുന്നത് ഏത് സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് നോക്കിയിട്ടല്ലന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍ ആരോഗ്യ മന്ത്രിയുടെ പ്രതികരണം. എല്‍.ഡി.എഫ് ഭരണകാലത്ത് ഇന്നത്തെ ആരോഗ്യ മന്ത്രി കൂടിയായ കെ. മുരളീധരന്‍ കെ.കെ ശൈലജയെ നിപ റാണി എന്ന് വിളിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
‘നിപയും കോവിഡുമൊന്നും വരുന്നത് ഏത് സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് നോക്കിയിട്ടല്ല. അതൊക്കെ ഈ സമൂഹത്തിലുണ്ട്, വൈറസൊക്കെ. ചില പ്രത്യേക സാഹചര്യത്തില്‍ അവയുടെ ആധിക്യമുണ്ടാവും. അത് മനുഷ്യരിലേക്ക് പകരുകയും മരണകാരണമാവുകയും ചെയ്യും. അപ്പോള്‍ കക്ഷിരാഷ്ട്രീയഭേദമൊന്നും നോക്കാതെ കൂട്ടായി ഇടപെടുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം,’ കെ.കെ ഷൈലജ പറഞ്ഞു.
ഭരിക്കുന്നവര്‍ പ്രശ്‌നക്കാരായത് കൊണ്ടാണ് രോഗം വന്നതെന്നും എരണം കെട്ടവര്‍ ഭരിച്ചിട്ടാണ് അസുഖം വന്നതെന്നും എല്‍.ഡി.എഫ് ഭരണകാലത്ത് മുരളീധരന്‍ അഭിപ്രായപ്പെട്ടതിനെക്കുറിച്ചും മാധ്യമങ്ങള്‍ കെ.കെ ഷൈലജയുടെ നിലപാട് തേടി. താന്‍ ഇപ്പോള്‍ അതൊന്നും ഓര്‍മിച്ചിട്ടില്ലെന്നും മുരളിയുടെ അന്നത്തെ പരാമര്‍ശം ശരിയല്ലെന്നും ഷൈലജ മറുപടി നല്‍കി.
‘ഞാന്‍ അതൊന്നും ഇപ്പോള്‍ ഓര്‍മിച്ചിട്ടില്ല. അങ്ങനെ പറയുന്നത് ശരിയല്ലല്ലോ. ഞാന്‍ എന്തായാലും അങ്ങനെ പറയാന്‍ തയ്യാറാവില്ല. ഭരണം ഒന്നും നോക്കിയിട്ടല്ല പകര്‍ച്ചവ്യാധികള്‍ വരുന്നത്. പക്ഷേ ആ പകര്‍ച്ച വ്യാധികളെ നേരിടേണ്ടത് ഭരണക്കാരാണ്. അതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ നമ്മളെ ജനം കുറ്റപ്പെടുത്തും.’ അവര്‍ പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതില്‍ വല്ലാതെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ വളരെയേറെ ശ്രദ്ധവേണമെന്നും മുന്‍ മന്ത്രി വ്യക്തമാക്കി. നിപയെ നേരിടാന്‍ സജ്ജമായ സാഹചര്യത്തിലേക്ക് സംസ്ഥാനം ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘കോഴിക്കോട് ഒരു നിപ കേസ് സ്ഥിരീകരിച്ചെന്നാണ് മനസിലാക്കുന്നത്. ഇത് വല്ലാതെ ഭയപ്പെടേണ്ടതില്ല. പക്ഷേ വളരെയേറെ ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ് നിപ വൈറസ്. 2018ലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് വല്ലാത്ത ഭയമായിരുന്നു. ഇതിനായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യറുണ്ടായിരുന്നില്ല.
അന്ന് ആദ്യത്തെ ആള്‍ക്ക് രോഗം വന്ന് അത് നിപ ആണെന്ന് കണ്ടെത്തുന്നതിന് മുമ്പ് നിരവധി പേരിലേക്ക് പകര്‍ന്നിരുന്നു. അപ്പോള്‍ സര്‍ക്കാര്‍ പെട്ടെന്ന് തന്നെ ഇടപെട്ടിരുന്നു. പെട്ടെന്ന് തന്നെ പകര്‍ച്ചയുണ്ടാവാന്‍ സാധ്യതയുള്ളവരുടെ സേമ്പര്‍ക്കപട്ടിക നോക്കി അവരെ ഐസൊലേറ്റ് ചെയ്തു.
നിപ വന്ന ചങ്ങരോത്ത് ഗ്രാമം അടക്കുകയും അവര്‍ക്ക് വേണ്ട സഹായം എത്തിക്കുകയും ചെയ്തു. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവര്‍ അന്ന് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചു. മാധ്യമങ്ങളും അന്ന് നല്ല രീതിയില്‍ സഹകരിച്ചു.’ കെ.കെ ഷൈലജ പറഞ്ഞു.
‘അന്ന് നിപ നേരിടാനുള്ള പ്രോട്ടോക്കോളും എസ്.ഒ.പിയും രൂപീകരിച്ചു. അന്ന് നമ്മുടെ മുന്നില്‍ ഇത്തരമൊരു പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നില്ല. മുമ്പ് ഇബോള വന്നപ്പോള്‍ സ്വീകരിക്കുന്ന പ്രോട്ടോക്കോളിന്റെ സാധ്യത പരിശോധിച്ചുകൊണ്ട് അന്ന് നിപ പ്രോട്ടോക്കോള്‍ രൂപീകരിക്കുകയായിരുന്നു. ഇപ്പോള്‍ നമുക്കൊരു രീതിയുണ്ട്.
അതിന് ശേഷം മൂന്ന് തവണ കേരളത്തില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഒരു കേസ് എന്ന നിലയില്‍ വരുമ്പോള്‍ തന്നെ ഇടപെടാനും രോഗിയെ രക്ഷിക്കാനും കൂടുതല്‍ പേരിലേക്ക് പകരാതെ സൂക്ഷിക്കാനും സാധിച്ചു. കാരണം നമ്മുടെ ആരോഗ്യ സംവിധാനം സജ്ജമാണ് അതിന്.
നേരത്തെയുള്ള അനുഭവങ്ങള്‍ വച്ച് പിന്നീട് നിപയെ പ്രതിരോധിക്കാന്‍ പറ്റി. ഇപ്പോഴും അങ്ങനെ തന്നെ ചെയ്യാന്‍ സാധിക്കും എന്നാണ് മുന്‍ ആരോഗ്യ മന്ത്രി എന്ന നിലയിലുള്ള അനുഭവത്തില്‍ നിന്ന് തോന്നുന്നത്, ഷൈലജ പറഞ്ഞു.
ആശങ്കപ്പെടാതെ, എന്നാല്‍ ഒട്ടും കൃത്വവിലോപം കാണിക്കാതെയുള്ള പ്രവര്‍ത്തനം വേണം. ഇപ്പോള്‍ രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടിക ശേഖരിച്ച് നേരിടാന്‍ സാധിക്കണം. അത് നേരിടാന്‍ സാധിക്കണം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Content Highlight: KK Shailaja About New Nipah Outbreak and K Muraleedharan’s Previous Comments